തൃശൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരിൽ രോഗബാധ ഏറുന്നത് ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമോയെന്ന് ആശങ്ക. പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന തരത്തിൽ ഇത്തരക്കാരിലെ എണ്ണം വർദ്ധിക്കുന്നത് തടയാനുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ആരോഗ്യ പ്രവർത്തകർക്കൊപ്പം പൊലീസാണ് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത്. രോഗബാധിതരെ ആശുപത്രികളിൽ എത്തിക്കുന്നതിനും, മരിച്ചവരുടെ മേൽനടപടിക്രമങ്ങൾക്കും പൊലീസും ആരോഗ്യ പ്രവർത്തകരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. നിരീക്ഷണത്തിലിരിക്കുന്നവരെ സദാസമയവും ശ്രദ്ധിക്കേണ്ട ചുമതലയും പൊലീസിനാണ്. ഈ വിഭാഗത്തിൽ ആരോഗ്യ പ്രവർത്തകരിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
27 ആരോഗ്യ പ്രവർത്തകരിൽ രോഗബാധ
കൊവിഡ് സ്ഥിരീകരിച്ചവരിൽ വലിയൊരു ശതമാനം ആരോഗ്യപ്രവർത്തകരാണ്. പല സ്ഥലങ്ങളിലും നിരവധി പ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്. ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാ വർക്കർമാർ, വളണ്ടിയേഴ്‌സ് എന്നിവർക്കാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. നിരന്തരം ഫീൽഡിലുള്ളവരാണ് ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാർ. ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ രോഗം കൂടിയപ്പോൾ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ഏഴ് ദിവസം ജോലി ചെയ്താൽ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു. ഇത് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാക്കി ചുരുക്കി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ സ്ഥാപനം അടച്ചിടേണ്ട സാഹചര്യമാണ്.
മെഡിക്കൽ കോളേജ് 53 (നിരീക്ഷണം)
ഡോക്ടർമാർ 25
ജീവനക്കാർ 30
ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ മാത്രം കൊവിഡ് ബാധിച്ച് രണ്ട് പേരുടെ മരണത്തെ തുടർന്ന് 53 പേരാണ് നിരീക്ഷണത്തിലുള്ളത്. പോസ്റ്റ്മാർട്ടം നടത്തിയ ഫോറൻസിക് സർജന്മാർ ഉൾപ്പെടെ 25 ഡോക്ടർമാരും 30 ജീവനക്കാരുമാണ് നിരീക്ഷണത്തിലുള്ളത്.
പൊലീസ്
കൊവിഡ് സ്ഥിരീകരിച്ചത് 1
നിരീക്ഷണത്തിലുള്ളവർ 40
അന്തിക്കാട് പൊലീസ് സ്റ്റേഷൻ 32
പൊലീസ് അക്കാഡമി 8
ജില്ലയിൽ ആദ്യമായിട്ടാണ് ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അരിമ്പൂർ പരയ്ക്കാട് മരിച്ച വത്സലയുടെ ഇൻക്വസ്റ്റ് നടപടികളിൽ ഉണ്ടായിരുന്ന അന്തിക്കാട് സ്റ്റേഷനിലെ പൊലീസുകാരിക്കായിരുന്നു രോഗബാധ. ഇതേത്തുടർന്ന് സ്റ്റേഷനിലെ 32 പേരാണ് ക്വാറന്റൈനിൽ ഉള്ളത്. അമ്പിളിക്കല കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് അക്കാഡമിയിലെ എട്ട് പൊലീസുകാരും നിരീക്ഷണത്തിലാണ്.
ജയിലധികൃതർ 8
(നിരീക്ഷണം)
അമ്പിളിക്കല കൊവിഡ് കെയർ സെന്ററിൽ അങ്കമാലിയിൽ നിന്ന് കൊണ്ടുവന്ന പിടിച്ചുപറി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 12 പേരിൽ എട്ടു പേരും നിരീക്ഷണത്തിലാണ്. കൂടാതെ 52 പ്രതികളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ് തടവുകാരുടെ സുരക്ഷാകാര്യം നോക്കുന്നത്. അവശേഷിക്കുന്ന നാലു പേരെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് ഇവിടെ അണുനശീകരണം നടത്തി പുതിയ ജീവനക്കാരെ നിയോഗിച്ചത്.