തൃശൂർ: സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയും മാർക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനം നിയന്ത്രണച്ചരട് പൊട്ടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത കടുപ്പിക്കുന്നു. ഭൂരിഭാഗം മാർക്കറ്റുകളിലും കർശനനിയന്ത്രണവും പരിശോധനയും തുടങ്ങി. കണ്ടെയ്ൻമെൻ്റ് സോണിന് സമീപമുള്ള മാർക്കറ്റുകളും അടച്ചിടും. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തിയിരുന്ന കടവല്ലൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ (ആൽത്തറ) മത്സ്യവിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ മുപ്പതിലേറെ മത്സ്യവിൽപനക്കാർ അടക്കം 80 പേർ നിരീക്ഷണത്തിലായി.
രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലായവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഞായറാഴ്ചയാണ് ആൽത്തറയിലെ മത്സ്യവിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയ 50 പേരെ ക്വാറൻ്റൈനിൽ ഇരിക്കാൻ പെരുമ്പിലാവ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്. കടവല്ലൂരിലെ മത്സ്യ വില്പനക്കാരിൽ ഏറെയും പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നാണ് മത്സ്യം കൊണ്ടുവരുന്നത്. തുടർന്നാണ് മത്സ്യവിൽപനക്കാരോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടത്. ആൽത്തറ വാർഡിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കടവല്ലൂർ പഞ്ചായത്തിൽ മത്സ്യ മാർക്കറ്റുകൾ അടച്ചിടാനും മത്സ്യ വില്പന നിരോധിക്കാനും പഞ്ചായത്തും ആരോഗ്യ വിഭാഗവും നിർദ്ദേശം നൽകി.
നിലവിൽ കടവല്ലൂർ പഞ്ചായത്തിലെ 18-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണാണ്. ദിവസങ്ങൾക്കു മുമ്പ് ഇവിടെ ഒരു സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം 67 മത്സ്യവിൽപ്പനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊന്നാനിയിൽ നിന്നായിരുന്നു മുമ്പ് ഈ പ്രദേശങ്ങളിലേക്ക് മത്സ്യം എത്തിയിരുന്നതെങ്കിലും അവിടെ രോഗവ്യാപനം ഉണ്ടായതോടെയും ട്രിപ്പിൾ ലോക് ഡൗൺ വന്നതോടെയും മത്സ്യ വില്പനക്കാർ പട്ടാമ്പി മാർക്കറ്റിനെ ആശ്രയിക്കുകയായിരുന്നു.
കൂടുതൽ കെട്ടിടങ്ങൾ
സാമൂഹിക വ്യാപനം തടയുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, റിവേഴ്‌സ് ക്വാറന്റൈൻ ഫെസിലിറ്റീസ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിന് കൂടുതൽ കെട്ടിടം ഏറ്റെടുക്കും. തലപ്പിളളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ജവഹർ നവോദയ വിദ്യാലയം, ചേലക്കര പഞ്ചായത്തിലെ ഗവ. പോളിടെക്‌നിക്ക് കോളേജ് എന്നീ കെട്ടിടങ്ങൾ ഏറ്റെടുത്ത് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ മാലിന്യനിർമ്മാർജ്ജനമാണ് മറ്റൊരു പ്രശ്നം. ഇതിന് സാങ്കേതിക സംവിധാനങ്ങളുളള ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സമ്പർക്ക വ്യാപനം: കാരണങ്ങൾ
കൊവിഡ് വൈറസിന്റെ അതിവ്യാപനശേഷി
നിയന്ത്രണങ്ങളിൽ ഇളവുണ്ടായപ്പോഴുള്ള ജാഗ്രതക്കുറവ്
ക്വാറൻ്റൈൻ നിർദ്ദേശം കർശനമായി പാലിക്കുന്നില്ല.
പുറത്തിറങ്ങുന്നവർ ജാഗ്രതാ നിർദ്ദേശം അവഗണിക്കുന്നു
മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകൾ കഴുകുന്നതിലും ശ്രദ്ധക്കുറവ്