ചാലക്കുടി: താഴൂർ മണിലായിലെ കുടുംബത്തിൽ രണ്ടു വയസുള്ള കുട്ടിക്ക് കൂടി കൊവിഡ്. നീലിക്കുന്ന് കോളനിയിലെ കുടുംബത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇതോടെ കോടശ്ശേരി പഞ്ചായത്തിൽ ആശങ്ക ഉയർന്നു. 40കാരനായ യുവാവിന് വൈറസ് ബാധയുണ്ടായതാണ് പ്രദേശത്തെ അങ്കലാപ്പിലാക്കുന്നത്. നിർമ്മാണ തൊഴിലാളിയായ യുവാവ് നിരവധിയിടങ്ങളിൽ സഞ്ചരിച്ചുവെന്നാണ് വിവരം.

ചന്ദനക്കുന്നിൽ ജോലിക്ക്‌ പോകൽ, പുരുഷ ഗണം യോഗത്തിൽ പങ്കെടുക്കൽ, കായിക വിനോദങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ ഗൗരവമേറിയ സമ്പർക്കമാണ് സംഭവിച്ചിരിക്കുന്നത്. സമ്പർക്ക പട്ടികയിലെ അറുപതോളം പേരെ ആരോഗ്യ വകുപ്പ് ക്വാറന്റൈനിൽ വിട്ടു. രോഗം സ്ഥിരീകരിച്ച ഇയാളുടെ മകൾക്കും സമ്പർക്കമുണ്ടായി. ഇരിങ്ങാലക്കുടയിലെ വീട്ടിൽ പ്രസവത്തിന് പോയ ഭാര്യക്കാണ് ആശുപത്രി പരിശോധനയിൽ കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്. ഇതിനിടെ യുവാവും മക്കളും അമ്മ വീട്ടിൽ പല തവണ പോയിരുന്നു. ഇതെല്ലാമാണ് പഞ്ചായത്തിലെ നാലാം വാർഡിൽ ഭീതിത അന്തരീക്ഷമുണ്ടാക്കിയത്.

മൂന്ന്, പതിഞ്ച് എന്നീ വാർഡുകാരാണ് സമ്പർക്ക പട്ടികയിൽപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ റവന്യൂ വിഭാഗങ്ങളുടെ അടിയന്തര യോഗം നീലിക്കുന്ന് മേഖലയെ അടച്ചിടൽ കേന്ദ്രമാക്കി. പ്രദേശത്ത് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തുവെന്ന് പ്രസിഡന്റ് ഉഷാ ശശിധരൻ പറഞ്ഞു. എലിഞ്ഞിപ്ര കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശോഭി ജോർജ്ജ് വളവി, ഹെൽത്ത് സൂപ്രണ്ട് മുഹമ്മദ്, ചാലക്കുടി എസ്.ഐ: ഡേവിസ് ചുങ്കത്ത്, വെള്ളിക്കുളങ്ങര എസ്.ഐ: സി.ആർ. ഡേവിസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.