മാള: കർക്കടക വാവ് ദിനത്തിൽ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പി.എസ്.സിക്ക് ബലിയിട്ടു. നാലു വർഷമായി കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള താത്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്നും റാങ്ക് പട്ടികകളിലുള്ളവരുടെ കൂട്ടായ്മയായ ഫെറ പ്രതിഷേധത്തിലൂടെ ആരോപിച്ചു. ഓൺലൈൻ വഴിയാണ് വിവിധയിടങ്ങളിൽ പ്രതിഷേധച്ചടങ്ങ് സംഘടിപ്പിച്ചത്.
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ പകുതി നിയമനം പോലും നടത്താതെ സർക്കാർ തെറ്റായ കണക്ക് പ്രചരിപ്പിക്കുകയാണ്. 1200 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിട്ടും ആ ഒഴിവുകൾ പൂഴ്ത്തി വെച്ചു റാങ്ക് ലിസ്റ്റ് ഏകപക്ഷീയമായി റദ്ദാക്കി. എൽ.ഡി ക്ലാർക്ക് തസ്തികയിലുള്ള ഒഴിവുകൾ വ്യാപകമായി ആശ്രിത നിയമനത്തിന് വിട്ടു കൊടുത്തു റാങ്ക് ലിസ്റ്റ് വഴിയുള്ള നിയമനം ഇല്ലാതാക്കി തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഷേധത്തിലൂടെ ഉദ്യോഗാർത്ഥികൾ മുന്നോട്ട് വച്ചത്.
ടെക്‌നിക്കൽ അസിസ്റ്റന്റ്, എൽ.ജി.എസ്, എൽ.ഡി.വി ഡ്രൈവർ എന്നീ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട നിരവധി പേർ ഇപ്പോഴും താത്കാലികമായി ജോലി ചെയ്യുന്നുണ്ട്. ലോക്ഡൗണിന് ശേഷം മുന്നൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. ഇരുപതിനായിരത്തിലേറെ റിട്ടയർമെന്റ് നടന്ന ഈ വർഷം ഏഴായിരത്തോളം നിയമനം മാത്രമാണ് പി.എസ്.സി വഴി നടത്തിയതെന്നും, സപ്ലൈകോ, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ വൻതോതിൽ താത്കാലികക്കാരെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും ഫെറ സംസ്ഥാന പ്രസിഡന്റ് എസ്. ശരത് കുമാർ, സെക്രട്ടറി സിജോ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.