വടക്കെക്കാട്: ചമ്മന്നൂരിൽ ക്വാറന്റൈനിലിരുന്നയാൾ സുഹൃത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ക്വാറന്റൈനിൽ ഇരിക്കുകയായിരുന്ന പുന്നയൂർക്കുളം മാവിൻചുവട് വീട്ടിലയിൽ വീട്ടിൽ താജുദ്ദിൻ (41) ആണ് കടന്നുകളഞ്ഞത്. സംഭവത്തിൽ സുഹൃത്ത് വട്ടംപാടം മേനോത്ത് മൊയ്തുട്ടിയെ(60) മണിക്കൂറുകൾക്കകം വടക്കെക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നയൂർക്കുളം പഞ്ചായത്തിന്റെ കീഴിലുള്ളവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി ചമ്മന്നൂർ അമൽ സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തി നൽകിയ കെട്ടിടത്തിൽ ക്വാറന്റൈനിലിരിക്കുന്ന വ്യക്തിയാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇയാളുടെ സുഹൃത്ത് മൊയ്തുട്ടിയെത്തി കെട്ടിടത്തിന്റെ ലോക്ക് തുറന്നുകൊടുത്താണ് ഇയാൾ പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവിടെ ക്വാറന്റൈനിലിരിക്കുന്ന സഹോദരന് ഭക്ഷണം നൽകാനെത്തിയ ആളാണ് ഇയാൾ ഇറങ്ങിപ്പോകുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ക്വാറന്റൈനിലിരിക്കെ ഇറങ്ങിനടന്നതിന് ടെമ്പിൾ പൊലീസ് പിടികൂടിയ ഇയാളെ പിന്നീട് ചെറായിയിലെ മരക്കമ്പനിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇവിടെ യാതെരു സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെ ക്വാറന്റൈൻ ചെയ്തതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് ചമ്മന്നൂരിലെ ക്വാറന്റൈൻ സെന്ററിലേക്ക് ഇയാളെ മാറ്റിയത്.