ചേർപ്പ്: കൊവിഡ് ലോക് ഡൗൺ പ്രതിസന്ധി ഘട്ടത്തെ തുടർന്ന് ചേർപ്പ് പെരുമ്പിള്ളിശേരി അമ്മ ട്രാവൽസ് ഉടമ സജീഷ് (സെൽവി) തന്റെ ആഫീസ് വസ്ത്രശാലയാക്കി രൂപമാറ്റം വരുത്തി. അ‌ഞ്ച് ടൂറിസ്റ്റ് ബസുകളും 2 ടെമ്പോ ട്രാവലറും സ്വന്തമായിട്ടുള്ള സജീഷിനെ തേടി അമ്മ ട്രാവൽസിൽ എത്തുമ്പോൾ ഇനി കാണാൻ കഴിയുക തുണിക്കട ഉടമയായിട്ടാണ്.

ജീവിത നിലനിൽപ്പിനായിട്ടുള്ള തുണിക്കടയുടെ വിൽപ്പനക്കാരനും അക്കൗണ്ടന്റും സജീഷ് തന്നെയാണ്. ദിവസങ്ങൾക്ക് മുൻപാണ് സജീഷ് തുണിക്കട ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ട്രാവൽസ് പ്രവർത്തനങ്ങൾ നിലച്ചതോടെ കരാഞ്ചിറ നായരുപറമ്പിൽ സജീഷിന് പുതിയ ജീവിത ഉപാധിയാണ് തുണിശാല. ഡ്രൈവറായി ജീവിതം തുടങ്ങിയ സജീഷ് സ്വന്തമായ സമ്പാദ്യത്തിലൂടെയാണ് ട്രാവൽസ് ആരംഭിച്ചത്.

ലോക് ഡൗണിനെ തുടർന്ന് ബസ് ഓട്ടം ഇല്ലാതായതോടെ 10,000 രൂപ മുതൽ 75000 രുപ വരെ വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയുണ്ടായി. വരുമാനമില്ലാതെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയതോടെയാണ് പ്രതിസന്ധി തരണം ചെയ്യാൻ പുതുവഴി കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധി തീർന്നാലും തുണിക്കടയുമായി മുന്നോട്ട് പോകുമെന്ന് സജീഷ് പറഞ്ഞു. സജീഷിന്റെ കൂടെയുണ്ടായിരുന്ന ബസ് തൊഴിലാളികളും, പച്ചക്കറി, മീൻ കച്ചവടം, പെയിന്റിംഗ് ജോലികളിലേക്ക് വഴിമാറി.