അന്തിക്കാട്: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ബേക്കറി തൊഴിലാളിയുടെ കാലിൽ തുളച്ചുകയറിയ തുരുമ്പെടുത്ത ഇരുമ്പുകമ്പി പുറത്തെടുക്കാൻ ഓപ്പറേഷന് വിധേയമാക്കി. പുത്തൻ പീടിക സെന്ററിൽ ഒരുമാസം മുൻപ് അന്തിക്കാട് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം കാന വൃത്തിയാക്കാൻ സ്ലാബുകൾ പുറത്തെടുത്ത് ഇട്ടിരുന്നു. ഇതിൽ തട്ടിവീണാണ് സൈക്കിളിൽ പോയിരുന്ന പുത്തൻപീടികയിലെ ബേക്കറി തൊഴിലാളി ജോയുടെ കാലിൽ തുരുമ്പെടുത്ത കമ്പി തുളച്ച് കയറിയത്. കാലിൽ തുളച്ച് കയറിയ കമ്പി അടുത്ത ഷോപ്പിൽ നിന്നും കട്ടർ കൊണ്ടുവന്ന് മുറിച്ചെടുത്തു. തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ ഓപറേഷൻ നടത്തി കമ്പിയുടെ ബാക്കി ഭാഗം പുറത്തെടുക്കുകയായിരുന്നു. കാന വൃത്തിയാക്കൽ പൂർത്തീക്കരിച്ചില്ലെങ്കിലും പുറത്തെടുത്ത് റോഡ് സൈഡിൽ ഇട്ടിരുന്ന സ്ലാബുകൾ ഉപയോഗിച്ച് കാനമൂടാതെ പോയതും അത് പരിശോധിക്കാതിരുന്നതും പഞ്ചായത്ത് അധീകൃതരുടെ അനാസ്ഥയുമാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.