ചാലക്കുടി: കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പെരുമഴയുടെ തുടക്കം. വെള്ളച്ചാട്ടത്തിന്റെ കാവൽപ്പുര വരെ പുഴയിലെ വെള്ളം ഒഴുകിയെത്തി. നാല് മണിയോടെ കോടയും മഴക്കാറും നിറഞ്ഞ് വെള്ളച്ചാട്ട പരിസരം ഭയാനകമായ അന്തരീക്ഷത്തിലായി.

വാഴച്ചാലിലും മുകളിലെ പാറക്കൂട്ടത്തിലേക്ക് വെള്ളമെത്തി. പൊരിങ്ങൽക്കുത്ത് ഡാമിലും ജലനിരപ്പ് ഉയർന്നു. മഴ തുടർന്നാൽ സ്ഥിരമായി തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളിലൂടെ പുഴയിലേക്ക് വെള്ളം ഒഴുകിത്തുടങ്ങും. ശക്തമായ മഴയെ തുടർന്ന് ജൂലായ് എട്ടിന് ഡാമിന്റെ സ്ലൂയീസ് വാൽവ് രണ്ടു മണിക്കൂർ തുറന്നിട്ടു. കഴിഞ്ഞ ദിവസത്തെ മഴയോടെ ചാലക്കുടിപ്പുഴയിലും വെള്ളം കൂടി.