kadalettam
രൂക്ഷമായ കടലാക്രമണത്തിൽ വെളിച്ചെണ്ണപ്പടിയിൽ വീടുകളിലേക്ക് വെള്ളം കയറിയ ദൃശ്യം

വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടി

ചാവക്കാട്:കടപ്പുറം പഞ്ചായത്തില്‍ വീണ്ടും രൂക്ഷമായ കടലേറ്റം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും രൂക്ഷമായ കടലേറ്റമാണ് ഇന്നലെ ഉണ്ടായത്. നിരവധി വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധു വീടുകളിലേക്കും സമീപത്തെ വീടുകളിലേക്കും താമസം മാറി. നൂറുകണക്കിന് വീടുകളുടെ പരിസരം വെള്ളക്കെട്ടിലായി.

മുനയ്ക്കക്കടവ് അഴിമുഖം മുതല്‍ ആശുപത്രിപ്പടി വരെയുള്ള തീരത്താണ് കടലേറ്റം ഏറ്റവും രൂക്ഷമായത്. ഞായറാഴ്ച മുനയ്ക്കക്കടവ് മേഖലയില്‍ മാത്രമാണ് കടലേറ്റം രൂക്ഷമായിരുന്നത്. എന്നാൽ ഇന്നലെ മുനയ്ക്കക്കടവ്, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപ്പടി തുടങ്ങിയ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.

തീരദേശ റോഡ് കവിഞ്ഞ് കടല്‍വെള്ളം കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയതോടെ ഇവിടത്തെ വീടുകളും വെള്ളക്കെട്ടിലായി. ഈ പ്രദേശത്ത് കടല്‍വെള്ളം കെട്ടിക്കിടക്കുന്നത് മേഖലയിലെ ജലസ്രോതസുകളെയും മലിനമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മുനക്കകടവ്, വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളില്‍ തീരദേശ റോഡിലും, റോഡിന്റെ കിഴക്കുഭാഗത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയായതിനാല്‍ ഈ ഭാഗത്ത് വാഹനഗതാഗതം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നിരോധിച്ചു.

മൂസാ റോഡ് ഉള്‍പ്പെടെ പലയിടത്തും റോഡ് മണല്‍ മൂടി കിടക്കുന്ന നിലയിലാണ്. ഞായറാഴ്ച കടലേറ്റം രൂക്ഷമായ മുനയ്ക്കക്കടവ് റഹ്മാനിയ മസ്ജിദിന് സമീപത്തും ഇന്നലെ കടലേറ്റം രൂക്ഷമായി. രാവിലെ പത്തോടെ ആരംഭിച്ച കടലേറ്റം ഉച്ചയോടെ രൂക്ഷമാകുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് കടലേറ്റം ശമനമായത്.

വെള്ളക്കെട്ട് രൂക്ഷമായത്

മുനയ്ക്കക്കടവ്

വെളിച്ചെണ്ണപ്പടി

മൂസാറോഡ്

അഞ്ചങ്ങാടി വളവ്

ആശുപത്രിപ്പടി