തൃശൂർ: ഞായറാഴ്ച പട്ടാമ്പി മത്സ്യ മാർക്കറ്റിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം. കടവല്ലൂർ, കാട്ടകാമ്പാൽ, കടങ്ങോട്, ചൂണ്ടൽ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി മത്സ്യ മാർക്കറ്റുകൾ, പൊതുസ്ഥലത്തെ മീൻ വില്പന കേന്ദ്രങ്ങൾ, സൈക്കിളിലും വാഹനത്തിലും ഉള്ള മീൻ വില്പന എന്നിവ നിരോധിച്ചു. പൊന്നാനി മേഖലയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യം വന്നിരുന്നത്.
എന്നാൽ അവിടെ കൊവിഡ് രോഗബാധ ഏറിയ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണും കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ചയായി പട്ടാമ്പിയിൽ നിന്നാണ് ഏജൻറുമാർ വഴി മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്. കടവല്ലൂർ പഞ്ചായത്തിൽ 30, കാട്ടകാമ്പാൽ 9 എന്നിങ്ങനെ മത്സ്യക്കച്ചവടക്കാർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ നിന്നും മത്സ്യം വാങ്ങിയവരുടെ പേരു വിവരങ്ങളും ആരോഗ്യ വിഭാഗം പരിശോധിച്ചു വരികയാണ്.