ചാവക്കാട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചാവക്കാട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നതിൽ പ്രതിഷേധം. തദ്ദേശസ്വയംഭരണ മന്ത്രിയുടെ നിർദ്ദേശപ്രകാരം ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ കളക്ടറാണ് യോഗം വിളിച്ചുചേർത്തത്. തീരദേശത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾ, മത്സ്യമാർക്കറ്റുകളുടെ പ്രവർത്തനം എന്നിവ ചർച്ച ചെയ്യാനാണ് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പൊലീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചത്. ഇതിൽ ചാവക്കാട് താലൂക്ക് തല യോഗത്തിൽ 75 പേരും കൊടുങ്ങല്ലൂർ താലൂക്ക് യോഗത്തിൽ അമ്പതിൽ താഴെ പേരും പങ്കെടുത്തുവെന്ന് പറയുന്നു.

പുന്നയൂർക്കുളം മുതൽ എറിയാട് വരെയുള്ള ജില്ലയിലെ തീരദേശ പഞ്ചായത്തുകളിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ കെ.വി. അബ്ദുൾ ഖാദർ, ഗീത ഗോപി, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.