തൃശൂർ: കൊവിഡ് ശുശ്രൂഷയ്ക്കിടെ രോഗവാഹകരാകുന്ന ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തിയുളള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൊവിഡ് പൊസിറ്റീവ് ആവുകയും എന്നാൽ രോഗലക്ഷണങ്ങളോ, ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
ഇക്കാര്യം ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധ പ്രക്രിയയിൽ പങ്കാളികളാകുന്നത് സംബന്ധിച്ച പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടണർഷിപ്പ്) യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഐ.എം.എ, ഐ.ഡി.എ തുടങ്ങിയ സംഘടനാ പ്രതിനിധികളും ഇക്കാര്യം ചർച്ച ചെയ്തു. സെന്ററുകളിൽ നിന്നുള്ള അന്തേവാസികൾക്ക് സമ്മതമെങ്കിൽ അതേ സെന്ററുകളിൽ തന്നെ സഹായിയായി തുടരാനാകും. സമൂഹ വ്യാപന സാദ്ധ്യതകൾ ഒരു പരിധി വരെ തടയാനും ഇത് വഴി കഴിയും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ റീന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ സതീഷ്, ആരോഗ്യകേരളം ഡി.പി.എം ഡോ. ടി.വി സതീശൻ, അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജൂബിലി മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.