തൃശൂർ : തേക്കിൻകാട് കണ്ടെയ്‌ൻമെന്റ് സോണാക്കിയതോടെ നഗരത്തിൽ വീണ്ടും ആളൊഴിഞ്ഞു. ഡിവിഷനിൽ ഉൾപ്പെടുന്ന ഇടവഴികളെല്ലാം പൊലീസ് അടച്ചു. ബസുകൾ സ്വരാജ് റൗണ്ടിലേക്ക് കടത്തി വിടുന്നില്ല. ശക്തൻ, വടക്കെ സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തി സർവീസ് അവസാനിപ്പിക്കണം. സ്വരാജ് റൗണ്ടിൽ മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണമില്ലെങ്കിലും പാർക്കിംഗ് അനുവദിക്കില്ല.
ഹോട്ടലുകൾ ഉൾപ്പെടെ എല്ലാം അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ജയ്ഹിന്ദ് മാർക്കറ്റിൽ ലോട്ടറി വിൽപ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തേക്കിൻകാട് ഡിവിഷൻ കണ്ടെയ്‌ൻമെന്റ് സോണാക്കിയത്. നേരത്തെ കോർപറേഷനിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും ഇവിടെ കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. രോഗവ്യാപനം കൂടിയതോടെ അണുനശീകരണം ഉൾപ്പടെ നടത്തിയിരുന്നു. കോർപറേഷൻ പരിധിയിൽ അരണാട്ടുകര ഡിവിഷനും കണ്ടെയ്‌ൻമെന്റ് സോണിലാണ്.