തൃശൂർ: കൊവിഡ് ശുശ്രൂഷയ്ക്കിടെ രോഗബാധിതർ ആവുന്ന ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തൃശൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെതിരേ പ്രതിഷേധവുമായി ഗവ.മെഡിക്കൽ ഓഫീസർമാരുടെ സംഘടന. കൊവിഡ് പൊസിറ്റീവ് ആവുകയും എന്നാൽ രോഗലക്ഷണങ്ങളോ, ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഉപയോഗപ്പെടുത്താനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നാണ് കെ.ജി.എം.ഒ.എയുടെ പരാതി. കൊവിഡ് ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ രോഗം മൂർച്ഛിക്കാം. സൈലന്റ് ഹൈപ്പോക്‌സിയ, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവ വരാമെന്നും കുഴഞ്ഞ് വീണ് മരണം വരെ കണ്ടിട്ടുണ്ടെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു. നൂറിലേറെ ഡോക്ടർമാർ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. സ്വന്തം ജീവൻ പോലും അവഗണിച്ച് ആറ് മാസമായി കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ് തീരുമാനം. ആരോഗ്യപ്രവർത്തകർ പൊസിറ്റീവ് ആയാൽ സ്ഥാപനം പൂട്ടുന്നത് ഒഴിവാക്കാൻ മറ്റു ജില്ലകളിലേത് പോലെ തൃശൂരിലും ജീവനക്കാരെ വിവിധ പാളിയായി (ലെയർ സിസ്റ്റം) നിയോഗിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടിട്ടില്ലെന്നും പറയുന്നു.
ജീവനക്കാരുടെ ക്ഷാമം രൂക്ഷം
രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ കൊവിഡ് പൊസിറ്റീവ് ആയി ക്വാറന്റൈനിൽ കഴിയുന്നുണ്ട്. എന്നാൽ ഇവരെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നില്ല. അത്തരക്കാരുടെ സേവനം ഉപയോഗിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചാൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാമെന്ന നിഗമനത്തിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ഇക്കാര്യം ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഐ.എം.എ, ഐ.ഡി.എ തുടങ്ങിയ സംഘടനാ പ്രതിനിധികളും ഇക്കാര്യം ചർച്ച ചെയ്തു.
വൈറൽ ലോഡ് കൂടുതൽ ഉണ്ടാകാനുളള സാദ്ധ്യത ഡോക്ടർമാർക്കാണ്. ഇത് ഉൾക്കൊളളാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത്തരമൊരു യോഗത്തിൽ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുമില്ല.
കെ.ജി.എം.ഒ. ജില്ലാ കമ്മിറ്റി