market

തൃശൂർ: ചന്തകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. നേരത്തെ സമ്പർക്ക രോഗത്തിന് ജില്ലയിൽ തുടക്കമിട്ട മാർക്കറ്റുകളിൽ കർശന നിയന്ത്രണമടക്കം കൊണ്ടുവന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ മുഴുവൻ ശ്രദ്ധയും ഇരിങ്ങാലക്കുടയിലാണ്. കൊവിഡ് രോഗ പശ്ചാത്തലത്തിൽ മേഖല മുൾമുനയിലാണ്. നഗരസഭ മുഴുവനായും അടച്ചിട്ടു. കുന്നംകുളത്തെ പ്രശ്‌നങ്ങൾക്ക് ഏതാണ്ട് പരിഹാരമായി. വരും ദിവസങ്ങളിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുണ്ടായേക്കും. മാർക്കറ്റിൽ ആളുകൾ കൂടുന്നത് നിയന്ത്രണ വിധേയമാക്കാൻ എടുത്ത തീരുമാനങ്ങൾ കർശനമായി പാലിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ചട്ടം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

തൃശൂർ ശക്തൻ തമ്പുരാൻ, ജയ്ഹിന്ദ്, ഇരിങ്ങാലക്കുട, പാവറട്ടി, കൊടകര, ചാലക്കുടി, ചാവക്കാട്, കോട്ടപ്പുറം, കണ്ടശാംകടവ് അടക്കം മാർക്കറ്റുകളാണ് ജില്ലയിൽ പ്രധാനമായുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജില്ലയുടെ വിവിധ മേഖലകളിൽ ചെറുചന്തകൾ വേറെയുമുണ്ട്. മാർക്കറ്റുകൾ അണുവിമുക്തമാക്കി ജനത്തിന് പ്രതിരോധ വലയം തീർക്കുകയാണിപ്പോൾ ആരോഗ്യ പ്രവർത്തകർ. തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തുന്നത് ഏറെ ചരക്ക് ലോറികളാണ്. ലോറി ഡ്രൈവർമാർക്കും ജീവനക്കാർക്കും കൃത്യമായ മാർഗരേഖ നിലവിലുണ്ട്. എന്നാൽ ഇവ പാലിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് മീൻ വരുന്ന ലോറികൾ നിരോധിച്ചു കൊണ്ട് അടുത്തിടെ ഉണ്ടായ നിരോധം.

ഡ്രൈവർക്കും ജീവനക്കാർക്കും പെരുമാറ്റചട്ടം

മാർക്കറ്റിൽ എത്തുന്ന ഇതര സംസ്ഥാന ചരക്ക് ലോറി ഡ്രൈവർമാർ, ജീവനക്കാർ എന്നിവരിപ്പോൾ പൂർണ്ണ നിരീക്ഷണത്തിലാണുള്ളത്. ഇവരിൽ നിന്നാണ് സാമൂഹിക വ്യാപന സാദ്ധ്യതകൾ കൂടുകയാണെന്ന തിരിച്ചറിവാണ് കാര്യങ്ങൾ കർശനമാക്കുന്നതിന് കാരണം. ഇതോടെ ഇങ്ങനെ എത്തുന്നവർ മാർക്കറ്റുകളിൽ പ്രവേശിക്കുന്നതിന് പെരുമാറ്റച്ചട്ടം ഉണ്ടാക്കി. കാര്യമായ പരിശോധന നടത്തി കുളി അടക്കം കഴിഞ്ഞ് മാത്രമേ മാർക്കറ്റുകളിലേക്ക് പ്രവേശിക്കാനാവൂ എന്നത് നേരത്തെയുള്ള നിയന്ത്രണമാണ്. അതിന് കൂടുതൽ കർശനമാക്കി പൊലീസ് പരിശോധന അടക്കം ആലോചിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർ ചരക്ക് ഇറക്കിയ ശേഷം റോഡരികിൽ വിശ്രമിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഇപ്പോഴും തുടരുന്നുണ്ട്.

കടകൾക്ക് കനത്ത പിഴ

കടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ട ലംഘനത്തിന് കനത്തപിഴയും ശിക്ഷയും ഈടാക്കും. ആളുകൾ കൂട്ടം കൂടുന്നതിനും പിഴ വീഴും. മാസ്‌ക് അടക്കം വയ്ക്കാത്തതിന് പിടിവീഴും.