ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് കടലിൽ മുങ്ങിമരിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിലെ യുവാക്കളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദാരുണസംഭവം ഉണ്ടായിട്ടും ഭരണാധികാരികളുടെ സമീപനം മത്സ്യത്തൊഴിലാളി കുടുംബങ്ങളോടുള്ള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ വിവേചനത്തിന്റെ പേരിലാണ് കണ്ടില്ലെന്ന് നടിക്കുന്നതെങ്കിൽ അത് ഭരണകർത്താക്കൾക്ക് യോജിച്ചതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കൊവിഡ് മൂലം മത്സ്യത്തൊഴിൽ മേഖലയിൽ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. മത്സ്യം പിടിക്കുന്നതിനോ വിൽക്കുന്നതിനോ സാധ്യമല്ലാത്ത സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയുടെ മുഴുവൻ വിഹിതവും അടിയന്തരമായി തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ശ്രീനിവാസൻ, സി.വി. ശെൽവൻ, കെ.എൽ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.