തൃശൂർ : കിലോമീറ്റർ ചാർജ്ജ് വർദ്ധിപ്പിച്ചെങ്കിലും പിടിച്ചു നിൽക്കാനാകാതെ ബസ് ഉടമകൾ. കട്ടപ്പുറത്ത് കയറ്റാൻ അനുമതി തേടി ഭൂരിഭാഗം ബസുടമകളും ജി. ഫോം നൽകിത്തുടങ്ങി. ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്നതിനാൽ ഒരു വർഷത്തേക്ക് ബസുകൾ നിരത്തിലിറക്കാതിരിക്കാൻ അനുമതി തേടിയാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്. ഇതിനായി 400 രൂപ ഓൺലൈനിൽ അടച്ചശേഷം ഫോം പൂരിപ്പിച്ച് ആർ.ടി. ഓഫീസുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
കൊവിഡ് വ്യാപനം ഓരോ ദിനം ചെല്ലുന്തോറും കൂടി വരുന്നതോടെ ബസ് യാത്ര ഭൂരിഭാഗം പേരും ഉപേക്ഷിക്കുകയാണ്. നിറുത്തി യാത്രക്കാരെ കൊണ്ടുപോകരുത്, സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളൂവെന്ന നിയന്ത്രണം കൂടിയായതോടെ പലരും ബസ് നിരത്തിലിറക്കുന്നില്ല. പല ഭാഗങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വരുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. മുപ്പത് ശതമാനത്തോളം ബസുകളാണ് ജില്ലയിൽ സർവ്വീസ് നടത്തുന്നത്. ടാക്‌സികളും കടുത്ത പ്രതിസന്ധിയിലാണ്. അവരും ജി. ഫോം നൽകി നഷ്ടത്തിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ്.
ജി. ഫോം
ജി. ഫോം നൽകിയാൽ വാഹന നികുതി, ക്ഷേമനിധി, ഇൻഷ്വറൻസ് എന്നീ ബാദ്ധ്യതകളിൽ നിന്ന് ഒഴിവാകാം. 2021 മാർച്ച് 31 വരെ ബസ് ഇറക്കാതിരിക്കാനുള്ള ജി. ഫോമാണ് ഉടമകൾ നൽകുന്നത്.
ആകെ സ്വകാര്യ ബസുകൾ 1,500
മൂന്ന് മാസത്തിനുള്ളിൽ ഇതുവരെ മോട്ടോർ
വാഹന വകുപ്പിൽ ജി. ഫോം നൽകിയത് 620
ടാക്‌സികൾ 1,580
തൊഴിലാളികൾ പ്രതിസന്ധിയിൽ
ബസ് വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികൾ കടുത്ത പ്രതിസന്ധിലാണ്. സർവീസ് നടത്താൻ സാധിക്കാത്തതിനാൽ ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ജോലി ഉള്ളവർക്ക് തന്നെ ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്. ഡീസൽ ചാർജ്ജും മറ്റ് ചെലവുകളും കഴിച്ചാൽ പല തൊഴിലാളികൾക്കും ദിവസം ഇരുന്നൂറ് മുതൽ 400 രൂപ മാത്രമാണ് ലഭിക്കുന്നത്. 800 മുതൽ 1200 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്നതാണ്.
കിളികൾ പറന്നു പോയി
സ്വകാര്യ ബസുകളിൽ നിന്ന് കിളികൾ അപ്രത്യക്ഷമായി. ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് തന്നെ ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ പലരും കിളികളെ ഒഴിവാക്കി. തൊഴിൽ നഷ്ടപ്പെട്ട ഇത്തരക്കാരിൽ ചിലർ വാഹനങ്ങളിൽ പച്ചക്കറിയും മീനും വിൽക്കുകയാണ്.
നികുതി ഇളവ് നൽകണം
നികുതി ഇളവും സബ്‌സിഡിയും അനുവദിക്കണമെന്നും ഇതിനായി പ്രത്യേക പാക്കേജ് വേണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്കുള്ള നികുതി ഇളവുകൾ നൽകുകയും ഇന്ധനത്തിന്റെ സെസ് ഒഴിവാക്കുകയും ചെയ്യണമെന്നതാണ് സംഘടനകളുടെ ആവശ്യം.
ബസ് സ്‌റ്റോപ്പുകളും കാട് കയറുന്നു
നിരത്തുകളിൽ ബസുകളുടെ എണ്ണം കുറഞ്ഞതോടെ പല സ്ഥലങ്ങളിലും ബസ് ഷെൽട്ടർ കേന്ദ്രങ്ങളും കാടു കയറിത്തുടങ്ങി. യാത്രക്കാർ ആരും തന്നെ ഭൂരിഭാഗം സ്ഥലങ്ങളിലും ബസ് ഷെൽട്ടർ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നില്ല.