chembuchira-road-closed
കണ്ടെയ്‌മെന്റ് സോണ്‍ ആക്കിയതിനെ തുടര്‍ന്ന് അടച്ച വാസുപുരം ചെമ്പുചിറ റോഡ് പാലം

കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മൂന്ന് വാർഡുകളിലെ റോഡുകൾ അടച്ചു. 10, 11, 21 വാർഡുകളെ കഴിഞ്ഞ ദിവസമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ഇവിടെ നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി യോഗം ചേർന്നു.

റോഡുകൾ അടയ്ക്കുന്നതിനും സമ്പർക്ക സാദ്ധ്യതയുള്ളവരെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പത്താം വാർഡിൽ വെള്ളിക്കുളങ്ങര ട്രാംവേ ജംഗ്ഷൻ, 11-ാം വാർഡിൽ മോനൊടിയിലേക്കുള്ള നീരാട്ടുകുഴി റോഡ്, കൊടുങ്ങ റോഡ്, മോനൊടി മാരാംപാലം, 21-ാം വാർഡിൽ വാസുപുരം ചെമ്പൂച്ചിറ റോഡ്, ഇത്തുപ്പാടം റോഡ്, കുഞ്ഞക്കര പാലം എന്നിവ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് അടച്ചു. ഈ വാർഡുകളിലേക്കുള്ള ഇടവഴികളും അടക്കും.

21-ാം വാർഡ് വാസുപുരത്ത് സമ്പർക്കസാദ്ധ്യതയുള്ളവരുടെ കൊവിഡ് ടെസ്റ്റ് ഇന്ന് നെല്ലിപ്പിള്ളി ബിൽഡിംഗിൽ നടത്തും. 10, 11 വാർഡുകളിലുള്ളവരുടെ ടെസ്റ്റ് മോനൊടി ഗ്രാമന്ദിരത്തിൽ നാളെ നടത്തും. അടുത്ത ദിവസം ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ടെസ്റ്റ് നടത്തും. സെക്കൻഡറി കോണ്ടാക്ടിലുള്ളവരുടെ റാപ്പിഡ് ടെസ്റ്റാണ് നടത്തുക. കണ്ടെയ്ൻമെന്റ് സോണുകളിലെ പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ എന്നിവയൊഴികെയുള്ളവ അടച്ചിടും. രണ്ടാഴ്ചത്തേക്കാണ് പ്രഖ്യാപനമെങ്കിലും ഒരാഴ്ച കഴിഞ്ഞുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം തുടർ നടപടിയെടുക്കും.