പാവറട്ടി: വാർദ്ധക്യത്തിന്റെ അവശതകളിൽപ്പെട്ട് മുറിക്കുള്ളിൽ ഒതുങ്ങാതെ പാഴ്‌വസ്തുക്കൾ കൊണ്ട് ചവിട്ടികൾ നിർമ്മിച്ച് മാനസിക ഉല്ലാസം നേടുകയാണ് 77 കാരിയായ ഗൗരിഅമ്മ. വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ പാലത്തിന് പടിഞ്ഞാറുവശം പരേതനായ ആനേടത്ത് പുഷ്പാകരന്റെ ഭാര്യ ഗൗരിഅമ്മയാണ് വിരസത മാറ്റാൻ ചവിട്ടി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

30 വർഷമായി മത്സ്യബന്ധന വലകൾ തയ്യാറാക്കുന്ന ജോലിയിൽ സജീവമായിരുന്ന ഗൗരിയമ്മ കഴിഞ്ഞ വർഷമാണ് വലനെയ്ത്ത് അവസാനിപ്പിച്ചത്. തുടർന്ന് വീട്ടിലെ മുറിയിലേക്കൊതുങ്ങി, മാനസിക ഉന്മേഷത്തിന് വേണ്ടിയാണ് ചവിട്ടി നിർമ്മാണം ആരംഭിച്ചത്. പഴയ തുണികൾ കൊണ്ടും സമീപത്തെ തയ്യൽകാരിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങൾ കൊണ്ടുമാണ് മനോഹരങ്ങളായ ചവിട്ടികൾ നിർമ്മിക്കുന്നത്.

നാലുദിവസത്തോളം എടുത്താണ് ഗൗരിയമ്മ സസൂക്ഷ്മം ഒരു ചവിട്ടി തുന്നിയെടുക്കുക. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചവിട്ടികളേക്കാൽ ഈട് നിൽക്കുന്നതിനാൽ ഗൗരിയമ്മ തുന്നുന്ന ചവിട്ടികൾക്ക് ആവശ്യക്കാരുമുണ്ട്. പാഴ്തുണികളിൽ നിന്ന് വർണ്ണശോഭ പകരുന്ന വസ്തുക്കൾ തുന്നിയെടുത്ത് മനം മടുക്കാത്ത തന്റെ വാർദ്ധക്യത്തിനും നിറം നൽകുകയാണ് ഗൗരിഅമ്മ.