കൊടകര: പ്രദർശന മേളയിൽ സുഹൃത്തിന്റെ കരകൗശല സ്റ്റാളിൽ ജീവനക്കാരന്റെ അഭാവത്തിൽ പകരക്കാരനായി എത്തിയ യുവാവ് ഇപ്പോൾ ചിരട്ടയിൽ വിസ്മയം തീർക്കുകയാണ്. കൊടകര പൂനിലാർക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആളുരുത്താൻ ശിവദാസനാണ് ചിരട്ടകൊണ്ട് കരകൗശലമൊരുക്കി ശ്രദ്ധേയനായത്.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു ശിവദാസൻ. യാദൃശ്ചികമായെത്തിയ കരകൗശല വസ്തു നിർമ്മാണത്തിൽ തന്നിലെ കലാകാരനെ കണ്ടെത്തിയതോടൊപ്പം അവയുടെ വിപണിയും കണ്ടെത്തി. സ്വന്തമായി നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചു. പഠനങ്ങളും അന്വേഷണങ്ങളും നടത്തി. അങ്ങനെ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ശ്രദ്ധേയനായ കല്പകം മുരളിയുടെ ശിഷ്യനായി.
12 വർഷത്തോളമായി കരകൗശല വസ്തു നിർമ്മാണം ഉപാസന പോലെയാണ് ഈ 48കാരന്. വലിയ ചിരട്ടകൾ കൊണ്ടൊരുക്കുന്ന ഹാംഗിംഗ് ഗാർഡൻ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ പട്ടിക നീളുന്നു. ചിരട്ടകളിൽ മനോഹരമായ മാതൃകകൾ തീർത്താണ് ഹാംഗിംഗ് ഗാർഡനുകൾ ഒരുക്കുന്നത്. പല വലിപ്പത്തിലുള്ള കപ്പുകൾ, സോപ്പറുകൾ, ടീ ജഗ്ഗുകൾ, ഐസ് ക്രീം കപ്പുകൾ എന്നിവയും ശിവദാസൻ നിർമ്മിക്കുന്നുണ്ട്. അലങ്കാര വസ്തുക്കളായി ഉപയോഗിക്കുന്നവയുടെ വൻ നിരയും ശിവദാസൻ ഒരുക്കുന്നു. താമരയും ശംഖും പൂക്കളും എല്ലാം സ്വന്തം കരവിരുതിൽ മെനഞ്ഞെടുക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ശിവദാസന്റെ കരകൗശല വസ്തുക്കൾക്ക് ഏറെ പ്രിയം. തേക്കടി, മൂന്നാർ, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വയനാട്, മൈസൂർ എന്നിവിടങ്ങളിലെല്ലാം ചിരട്ടയിലൊരുക്കുന്ന കരകൗശല വസ്തുക്കൾക്ക് പ്രിയമേറെയാണ്. നിത്യോപയോഗ വസ്തുക്കളിൽ പോളിഷോ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കാതെയാണ് നിർമ്മാണം. സംസ്ഥാനത്തെ പല പ്രമുഖ റിസോർട്ടുകളും ശിവദാസന്റെ ഉപഭോക്താക്കളാണ്.
തൃശൂർ പൂരം എക്‌സിബിഷൻ, കാർഷിക മേളകൾ, നാളികേര വികസന ബോർഡ് സംഘടിപ്പിക്കുന്ന മേളകൾ എന്നിവിടങ്ങളിലെല്ലാം ശ്രദ്ധേയനാണ് ഈ കൊടകരക്കാരൻ. വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി പരിശീലനവും നൽകുന്നുണ്ട്. മാതാവ് കൊച്ചു പെണ്ണും ഭാര്യ മഞ്ജു ദേവിയും അയൽക്കാരുമെല്ലാം ഈ കലാകാരന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
പരിസ്ഥിതിയ്ക്ക് ഏറെ ദോഷകരമായ പ്ലാസ്റ്റിക്കിന് ബദലൊരുക്കുക എന്ന സന്ദേശം കൂടിയാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായി ഈറ്റയിലും മുളയിലും നെയ്ത്ത് നടത്തിയിരുന്ന കാരണവന്മാരിൽ നിന്നു പകർന്നു കിട്ടിയ കൈവഴക്കമാണ് കരകൗശല വസ്തുക്കളുണ്ടാക്കാൻ തുണയായത്.
- ശിവദാസൻ