ചേലക്കര: പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പണികഴിപ്പിക്കുന്ന ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം യു.ആർ. പ്രദീപ് എം.എൽ.എ. നിർവഹിച്ചു . 3.28 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടും, 28 ലക്ഷം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുമാണ്. വപ്‌കോസ് കമ്പനി ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല നൽകിയിട്ടുള്ളത്.

ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ദീപ എസ്. നായർ മുഖ്യാഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖുർഷിദ്, പഞ്ചായത്ത് മെമ്പർമാരായ ഗീത രാധാകൃഷ്ണൻ, എ.കെ. രമ, ആർ. പ്രദീപ്, സ്‌കൂൾ പ്രിൻസിപ്പൽ ത്രേസ്യാമ ജോർജ്ജ് എന്നിവർ സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ് എൻ.വി. നാരായണൻ കുട്ടി സ്വാഗതവും പ്രധാന അദ്ധ്യാപകൻ മോഹനൻ നന്ദിയും പറഞ്ഞു.