ചാവക്കാട്: ബ്ലാങ്ങാട് പാറൻ പടിയിൽ കടൽ തിരയിൽപെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തയ്യാറാകാകാതിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെതിരെ ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ചാവക്കാട് തീരദേശത്ത് കടൽ കയറിയതിനെ തുടർന്ന് ബ്ലാങ്ങാട് ബീച്ച് മുതൽ മുനയ്ക്കക്കടവ് വരെ തിങ്കളാഴ്ച മന്ത്രി സന്ദർശനം നടത്തിയിരുന്നു.

മൂന്ന് മണിക്കൂറോളം തീരദേശത്ത് സമയം ചെലവഴിച്ച മന്ത്രി ദുരന്തത്തിൽ മരിച്ച യുവാക്കളുടെ വീടുകൾ സന്ദർശിക്കാൻ തയ്യാറായില്ല. സംഘടിത വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മന്ത്രി ഇത്തരത്തിലൊരു വിവേചനം കാണിക്കുന്നതെന്ന് ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി കുറ്റപ്പെടുത്തി. ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.ആർ. ബൈജു, പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് ആച്ചി, യുവമോർച്ച മണ്ഡലം സെക്രട്ടറി പ്രസന്നൻ ബ്ലാങ്ങാട് എന്നിവർ പങ്കെടുത്തു.