grocery
പൊള്ളാച്ചിയിൽ നിന്നും പലവ്യഞ്ജനങ്ങളുമായി എത്തിയ വാഹനങ്ങൾ മലക്കപ്പാറയിൽ തടഞ്ഞപ്പോൾ.

ചാലക്കുടി: അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും പലവ്യഞ്ജനങ്ങളുമായെത്തിയ വാഹനങ്ങളെ മലക്കപ്പാറയിൽ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു. കൊവിഡ് മാനദണ്ഡം പാലിക്കാതെ സ്വകാര്യ വ്യക്തികളാണ് സാമഗ്രികൾ കൊണ്ടുവന്നതെന്നു പറയുന്നു. പൊള്ളാച്ചിയിൽ നിന്നും തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിലൂടെ പരിശോധന നടത്താതെ കടത്തിവിട്ട വാഹനത്തെ മലക്കപ്പാറയിൽ വനം വകുപ്പ് തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. ആദിവാസികളും തോട്ടം തൊഴിലാളികളും ഇവിടുത്തെ കടകളിൽ നിന്നാണ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായിതിനാൽ ഒന്നരമാസമായി മലക്കപ്പാറയിലേയ്ക്കുള്ള പലവ്യഞ്ജനങ്ങൾ ചാലക്കുടിയിൽ നിന്നാണ് കൊണ്ടു പോകുന്നത്.