തൃശൂർ: കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും യാത്രകളും കച്ചവടങ്ങളും നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ റൂറൽ, ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. കൊവിഡ് രോഗ വ്യാപന പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം കൃത്യമായി പരിശോധിക്കും. ശക്തൻ മാർക്കറ്റിലെയും മത്സ്യമാർക്കറ്റിലെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തും. തെരുവിൽ അലയുന്നവരെ ബിൽഡിംഗ് അസോസിയേഷന്റെ സഹായത്തോടെ വിവിധ സെന്ററുകളിൽ പാർപ്പിക്കും. അവരുടെ തൊഴിലിനുളള സാദ്ധ്യതകൾ തേടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും പി.പി.ഇ കിറ്റ് ലഭ്യത ഉറപ്പുവരുത്താനും നിർദ്ദേശം നൽകി. ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ആർ. വിശ്വനാഥ്, ഡി.എം.ഒ ഡോ. കെ. ജെ. റീന എന്നിവർ പങ്കെടുത്തു.
മറ്റ് നിയന്ത്രണങ്ങൾ
പുറമേ നിന്ന് കൊണ്ടുവന്ന് മത്സ്യം കച്ചവടം ചെയ്യുന്നത് ഒരാഴ്ച നിറുത്തി വെച്ചു.
തീരപ്രദേശങ്ങളിൽ പുറമേ നിന്നുള്ള യാനങ്ങൾക്ക് വിലക്ക്
മാർക്കറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കച്ചവടക്കാർക്ക് ഒന്നിടവിട്ട ദിവസം അനുവദിക്കും
അനധികൃത വിൽപനക്കാരുടെ ലൈസൻസ് റദ്ദാക്കും
ഞായറാഴ്ചകളിൽ കടകൾ പൂർണമായി അടച്ചിടും
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരുടെ പാനൽ രൂപീകരിക്കും