പാവറട്ടി: കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നാൽ കല കൂടി ചേരുമ്പോളാണ് ശിൽപ്പിയും ചിത്രകാരനുമായ രഞ്ജൻ എളവള്ളിയുടെ കുടുംബത്തിന് കൂടുതൽ ഇമ്പമുണ്ടാകുന്നത്. ഗുരുവായൂരിനടുത്ത് എളവള്ളി സ്വദേശിയായ രഞ്ജന്റെ കുടുംബത്തിലെ എല്ലാവരും ചുമർചിത്ര കലയിൽ പ്രാവിണ്യമുള്ളവരാണ്. പ്രശസ്ത ശിൽപ്പി എളവള്ളി നാരായണാചാരിയുടെ മകനാണ് രഞ്ജൻ.
പാരമ്പര്യമായി കിട്ടിയ കലാനൈപുണ്യം തനിമ ചോരാതെ തുടരുന്നതോടൊപ്പം അടുത്ത തലമുറയിലേക്കും കുടുംബത്തിനും പകർന്ന് നൽകുകയാണ് രഞ്ജൻ. ഭാര്യ പ്രിയയും മക്കളായ ശ്രീരാഗും അനുരാഗും ഇപ്പോൽ ചിത്രരചനയിൽ സജീവമാണ്. ചുമർചിത്രകലയിൽ രഞ്ജൻ പകർന്നു നൽകിയ അറിവുകളാണ് ഇവരുടെ പ്രചോദനം. ചെറുപ്പം മുതൽ ചിത്രരചനയോട് താത്പര്യം ഉണ്ടായിരുന്നെങ്കിലും അഞ്ചു വർഷം മുമ്പാണ് പ്രിയ ചുമർചിത്ര കലയുടെ ആദ്യപാഠങ്ങൾ രഞ്ജനിൽ നിന്ന് സ്വായത്വമാക്കിയത്.
പ്ലസ് ടുവിലും, എട്ടിലും പടിക്കുന്ന ശ്രീരാഗും അനുരാഗും ചെറുപ്പം മുതൽ പിതാവിന്റെ പാതയിലുണ്ട്. പ്രിയയും മക്കളും അക്രലിക് പെയിന്റ് ഉപയോഗിച്ച് കാൻവാസിൽ ഒരുക്കുന്ന ചിത്രകലാ വൈഭവത്തിന് ആവശ്യക്കാർ ഏറെയാണ്. സ്‌ക്വയർഫീറ്റിന് 1000 രൂപ മുതലാണാണ് ചിത്രത്തിന് വില. ലോക്ക് ഡൗൺ സമയത്ത് മാത്രം 25 ഓളം ചിത്രങ്ങളാണ് ഇവർ പൂർത്തിയാക്കിയത്. കലാരംഗത്ത് കൂടുതൽ സജീവമാകാനുള്ള തീരുമാനത്തിലാണ് ഈ കൊച്ചുകലാകുടുംബം.