തൃശൂർ: രാമവർമ്മപുരം കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 29 ബി, 30-ാം ബാച്ച് പൊലീസ് സബ് ഇൻസ്‌പെക്ടർമാരുടെ ഇ - പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ ഒമ്പതിന് അക്കാഡമി തിങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി ട്രെയിനിംഗ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്ത് ആദ്യമായാണ് ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർമാർക്കായുള്ള പാസിംഗ് പരേഡ് നടത്തുന്നത്.
2019 മേയ് 13നും ജൂലായ് അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകൾ ആണ് പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരുമുണ്ട്. ഇവരിൽ 14 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ 104 പേരിൽ എം ടെക്, എം.എഡ് യോഗ്യതയുളള ഓരോരുത്തരും രണ്ട് എം.ബി.എ, എം.സി.എ ബിരുദധാരികളും 4 ബിഎഡ് യോഗ്യതയുള്ളവരും 11 ബിടെക് യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദമുള്ള 23 പേരുമുണ്ട്.