raining

തൃശൂർ: കാലവർഷം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 25 ശതമാനത്തിന്റെ മഴക്കുറവ്. ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ ആഗസ്റ്റ് മൂന്നിനും പത്തിനുമിടയിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ദീർഘകാല പ്രവചനമായതിനാൽ അത് എത്രത്തോളം ഫലിക്കുമെന്ന കാര്യത്തിൽ തീർത്തു പറയാൻ സാധിക്കില്ലെന്നാണ് കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അതിതീവ്രമഴ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമേ കൃത്യമായി പ്രവചിക്കാനാവൂ എന്നാണ് അവരുടെ നിരീക്ഷണം. എന്നാൽ ആ ദിവസങ്ങളിൽ മൺസൂൺ കൂടുതൽ സജീവമാവുന്നതിനുള്ള സാഹചര്യം വിലയിരുത്തപ്പെടുന്നുണ്ടെന്ന വീക്ഷണവും ഇവർ മുന്നോട്ടു വയ്ക്കുന്നു. 1,167 മില്ലിമീറ്ററിന് പകരം ലഭിച്ചത് 876 ആണ്. കാസർകോട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നേരിയ തോതിൽ ശരാശരി മഴ ലഭിച്ചുവെങ്കിലും ബാക്കി ജില്ലകളിലെല്ലാം മഴക്കമ്മിയാണ്.

ഏറ്റവും കുറവ് വയനാട്

നേരത്തെ കൂടുതൽ മഴ ലഭിച്ചിരുന്ന ഹൈറേഞ്ച് ജില്ലകളായ വയനാട് (55 ശതമാനം), ഇടുക്കി (42 ശതമാനം) മഴക്കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴക്കൂടുതൽ കോഴിക്കോട് 8 ശതമാനം

സമീപ ദശകങ്ങളിലെ ആവർത്തനം

സമീപ രണ്ട് ദശകങ്ങളിലെ ആവർത്തനം തന്നെയാണ് ഇക്കുറിയുമുള്ളത്. കൂടുതൽ മഴ ലഭിക്കേണ്ട ആദ്യപാതിയിൽ മഴക്കമ്മി കഴിഞ്ഞ കുറെ വർഷങ്ങളായുണ്ട്. സമീപ വർഷങ്ങൾ പരിശോധിച്ചാൽ ആദ്യപാതിയിൽ മഴക്കമ്മിയും മഴക്കുറവുള്ള രണ്ടാം പാതിയിൽ മഴ ലഭിക്കുകയും ചെയ്യുന്ന അസ്വാഭാവികത പ്രകടമാണ്. 2007, 2013 വർഷങ്ങളിൽ വല്ലാതെ മഴ പെയ്‌തെങ്കിലും പ്രളയമുണ്ടായതുമില്ല. ശേഷം 2015, 2016 തുടർച്ചയായ രണ്ട് വർഷങ്ങളിൽ വരൾച്ചയുണ്ടായി. 2017ൽ ശരാശരി മഴയാണ് ലഭിച്ചത്. 2018ൽ ജൂണിൽ 16 ശതമാനവും ജൂലായിൽ 18 ശതമാനത്തിന്റെയും ശരാശരി മഴയാണ് ലഭിച്ചത്. പ്രളയത്തിന് പിന്നാലെ സെപ്തംബറിൽ 64 ശതമാനത്തിന്റെ കുറവുണ്ടായി. 2019ൽ ജൂണിൽ 45 ശതമാനത്തിന്റെയും ജൂലായിൽ 25 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായിരുന്നത്.

കേരളത്തിന്റെ മൺസൂൺ വിഹിതം

ജൂണിൽ 35 ശതമാനം
ജൂലായ് 33
ആഗസ്റ്റിൽ 19,
സെപ്തംബറിൽ 13

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആഗസ്റ്റിൽ ലഭിച്ച മഴ
2018 96 ശതമാനം കൂടുതൽ
2109 126 ശതമാനം കൂടുതൽ


ആഗസ്റ്റിൽ കനത്ത മഴ ലഭിക്കുമെന്നത് കൊണ്ട് പ്രളയം വരാനുള്ള സാദ്ധ്യത ഇപ്പോളേ വിലയിരുത്തുന്നത് അശാസ്ത്രീയമാകും.

- ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ നിരീക്ഷകൻ