തൃശൂർ : കൊവിഡ് സമ്പർക്ക വ്യാപന ഭീതിയിൽ സർക്കാർ സ്വകാര്യ ഗോഡൗണുകളിലും കർശന നിരീക്ഷണവുമായി ജില്ലാ ആരോഗ്യ വകുപ്പ്. മുളങ്കുന്നത്തുകാവ്, ചാലക്കുടി എഫ്.സി.ഐ ഗോഡൗണുകളിൽ കർശന നിയന്ത്രണവും പെരുമാറ്റച്ചട്ടവുമാണ് ഏർപ്പെടുത്തിയത്. കൂടാതെ താലൂക്ക് ബ്ലോക്ക് തലങ്ങളിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബെവ്‌കോയുടെ ഗോഡൗണുകൾക്കും റിലയൻസ് അടക്കം സ്വകാര്യ കമ്പനികളുടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോഡൗണുകൾക്കും നിർദ്ദേശം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോഡൗണുകളിൽ സാമൂഹിക അലകം പാലിക്കുക ഏറെ പ്രയാസകരമാണ്. എങ്കിലും പെരുമാറ്റച്ചട്ടം പരമാവധി പാലിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എഫ്.സി.ഐ
ഗോഡൗണുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ജീവനക്കാരാണുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സൗജന്യ റേഷൻ വിതരണം നടക്കുന്നതിനാൽ തൊഴിലാളികൾക്ക് ജോലിഭാരം കൂടുതലാണ്. ഊഴം വെച്ച് ജോലി നൽകിയാൽ റേഷൻ വിതരണം താറുമാറാകുന്ന സ്ഥിതിയാകും. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള നിർദ്ദേശങ്ങളേ നൽകാനാവൂ. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ചരക്കുലോറികളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും കർശന പെരുമാറ്റച്ചട്ടമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ ഗോഡൗണുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇത് പാലിക്കപ്പെടാതെ വന്നാൽ ജാഗ്രത കൈവിടുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ട് പൊലീസും ആരോഗ്യ പ്രവർത്തകരുമടങ്ങുന്ന സംയുക്ത സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്.
ലക്ഷ്യം രോഗവാഹകരെ ഒഴിവാക്കുക
വിവിധ മേഖലകളിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ലോറി ഡ്രൈവർമാരും ജീവനക്കാരും രോഗ വാഹകരാവുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. കുരിയച്ചിറയിലെ കേന്ദ്ര വെയർഹൗസിലെ നാലു ചുമട്ടു തൊഴിലാളികൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബെവ്‌കോ ഗോഡൗണിലേക്ക് ബിയർ കൊണ്ടുവന്നവരിൽ നിന്നാണ് രോഗം പിടിപെട്ടതെന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ താലൂക്കിലെ എൻ.എഫ്.എസ്.എ ഗോഡൗൺ ഒരാഴ്ചയിലേറെ അടച്ചിട്ടു. വെയർഹൗസിൽ പ്രത്യേക ശൗച്യാലയങ്ങളും കൈ ഇടയ്ക്കിടെ കഴുകുന്നതിന് ഓരോ ഗോഡൗണിനും മുമ്പിൽ പൈപ്പുകൾ സ്ഥാപിക്കുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാലിത് പൂർണമായി സ്ഥാപിക്കുന്നതിന് മുമ്പേ എൻ.എഫ്.എസ്.എ ഗോഡൗൺ തുറന്നത് ജീവനക്കാരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.