ചേലക്കര: കൊവിഡ് വ്യാപനം നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകൾ ചേലക്കരയിലും തയ്യാറാക്കുന്നു. കൊവിഡ് വ്യാപനമുണ്ടായാൽ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളാണ് ഇവ. ചേലക്കര പഞ്ചായത്തിൽ ചേലക്കര ഗവ. പോളിടെക്‌നിക്കാണ് ട്രീറ്റ്‌മെന്റ് സെന്ററിനായി ഒരുക്കുന്നത്. കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.
ഗ്രാമ പഞ്ചായത്ത് ഇതിനായി ദ്രുതഗതിയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത്' പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തര യോഗം ചേർന്നിരുന്നു. ജൂലായ് 24നകം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനസജ്ജമാക്കി ആരോഗ്യ വകുപ്പിന് കൈമാറും. ആദ്യ ഘട്ടത്തിൽ 120 പേർക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ചേലക്കര ടൗൺ ഉൾപ്പെടുന്ന അഞ്ചോളം വാർഡുകൾ ഇപ്പോൾ ഇപ്പോൾ കണ്ടെയ്‌മെന്റ് സോണിലാണ്. സമീപ പഞ്ചായത്തുകളിലെ ചില വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലായ സാഹചര്യത്തിൽ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ജനപ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും.