കൊടകര: എന്ത് ചെയ്യണമെന്നറിയാതെ ഒരു വർഷം മുൻപ് വിഷമിച്ചുനിന്ന വെള്ളാട്ടിൽ കാർത്തുവിന് വീടൊരുങ്ങി. കാർത്തുവിനും കുടുംബത്തിനും താങ്ങായത് കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിലെ സിവിൽ വിഭാഗം വിദ്യാർത്ഥികൾ. അദ്ധ്യാപകരും കോളേജ് മാനേജ്‌മെന്റും ഈ സദുദ്യമത്തിന് താങ്ങും തണലുമായി.
പ്രളയത്തിൽ വെള്ളം കയറി മുങ്ങിയതോടെ തകർന്ന് വീഴാറായ വീട്ടിൽ നിന്നും ക്യാമ്പിലേക്ക് മാറി. ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങാനിരിക്കെ വീട് വാസയോഗ്യമല്ലെന്ന് അധികൃതർ അറിയിച്ചു. ഏക മകൻ അകാലത്തിൽ മരിച്ചതോടെ മരുമകളും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ദുരിതക്കയത്തിലായി.
വീടിന്റെ തറ, ചുമർ നിർമാണം വാർക്ക തേപ്പ്, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങി ഭൂരിഭാഗം പണികളും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് നടത്തിയത്. ഇതേത്തുടർന്ന് നിർമാണച്ചെലവ് വളരെ കുറഞ്ഞു. അഞ്ചര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് 650 ചതുരശ്ര അടിയിലുള്ള വീട് നിർമിച്ച് നൽകിയത്. സഹൃദയ കോളേജ് മാനേജ്‌മെന്റും സിവിൽ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വീട് നിർമാണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. കോളജിന്റെ സഹൃദയം പദ്ധതി പ്രകാരം നിർമിച്ച് നൽകിയ മൂന്നാമത്തെ വീടാണ് കാരൂരിലേത്.
കോളേജ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. മാനേജർ മോൺ. ലാസർ കുറ്റിക്കാടൻ, സഹൃദയ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, ഫിനാൻസ് ഓഫീസർ ഫാ. ജിന്റൊ വേരമ്പിലാവിൽ, പഞ്ചായത്ത് അംഗം നാരായണി വേലായുധൻ, വാർഡ് വികസന സമിതി കൺവീനർ പദ്മനാഭൻ, സഹൃദയ സിവിൽ വിഭാഗം മേധാവി സി.പി. സണ്ണി, പ്രൊഫ. പി.സി. ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.