ചാലക്കുടി: കണ്ടെയ്‌ൻമെന്റ് സോണാക്കിയ കോടശേരി പഞ്ചായത്തിലെ മണലായി, ബാലൻ പീടിക എന്നിവിടങ്ങളിൽ അതീവ ജാഗ്രത. മൂന്നും നാലും വാർഡുകളാണ് അടച്ചിട്ടത്. എന്നാൽ വെള്ളിക്കുളങ്ങര, ട്രാംവെ എന്നീ പ്രധാന റോഡുകളിലൂടെ നിയന്ത്രണ വിധേയമായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
മണലായി നീലിക്കുന്ന് കോളനിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇവർ നിരവധി ആളുകളുമായി സമ്പർക്കമുണ്ടായതുമാണ് മേഖലയിൽ കടുത്ത ജാഗ്രതയ്ക്ക് ഇടയാക്കിയത്. ടൈൽ നിർമ്മാണ തൊഴിലാളിയായ യുവാവിന്റെ ഭാര്യ ഇരിങ്ങാലക്കുടയിൽ കൊവിഡ് പിടിപെട്ട് ചികിത്സയിലായതായിരുന്നു തുടക്കം. പിന്നീട് മണലായിലെ വീട്ടിൽ യുവാവിനും രണ്ടും അഞ്ചും വയസുള്ള കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
നിരീക്ഷണത്തിലാകും മുമ്പ് അറുപതോളം പേരുമായാണ് യുവാന് സമ്പർക്കമുണ്ടായത്. ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. താഴൂർ റോഡിൽ മണലായി മുതൽ കടകളെല്ലാം അടപ്പിച്ചു. വെള്ളിക്കുളങ്ങര റോഡിൽ മേച്ചിറ ജംഗ്ഷൻ മുതൽ ചന്ദനക്കുന്ന് വരെയാണ് അടച്ചിടൽ.