കൊടകര: കൊവിഡ് ബാധിച്ച നന്തിക്കരയിലെ ഒമ്പതുകാരിയെ ചികിത്സിച്ച പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 11ന് പനി ബാധിച്ചാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പിന്നീട് പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് അന്നേ ദിവസം ആശുപത്രിയിൽ ജോലിക്കെത്തിയ ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ഡോക്ടറടക്കം പത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പരിശോധനയും നടത്തി. ഇതിൽ ഒമ്പത് ആരോഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലം നെഗറ്റീവായി. കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ പരിശോധനാഫലം മാത്രമാണ് പോസറ്റീവായത്. അതേ സമയം വിഷയത്തിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ല. ശനിയാഴ്ചയായതിനാൽ ആശുപത്രിയിലെത്തിയ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച ഉടൻ ആശുപത്രിയിൽ എത്തിയവരെ തിരിച്ചറിഞ്ഞതിനാൽ മുൻകരുതൽ സ്വീകരിച്ചിരുന്നെന്നും അധികൃതർ അറിയിച്ചു.