hnl

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ മിനി നവരത്ന പദവിയിൽ പ്രതാപത്തോടെ പ്രവർത്തിച്ചിരുന്ന കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് അടച്ചുപൂട്ടാൻ വഴിവച്ചത് അഴിമതിയിൽ പൊതിഞ്ഞ ആസൂത്രിത പദ്ധതികൾ. അതു നടപ്പാക്കിയതാകട്ടെ,​ സ്ഥാപന മേധാവി തന്നെയും! 2016- ൽ കമ്പനി എം.ഡിയായി ചുമതലയേറ്റ ഗോപാല റാവു ഗൂഢലക്ഷ്യത്തോടെ നടപ്പാക്കിയ എട്ടിന പരിപാടി ന്യൂസ് പ്രിന്റ് (പത്രക്കടലാസ്)​ നിർമ്മാണ രംഗത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന എച്ച്.എൻ.എല്ലിന്റെ അസ്തിവാരം തോണ്ടുകയായിരുന്നു.

2016 ഡിസംബറിൽ ഗോപാലറാവു ചാർജെടുക്കുമ്പോൾ 30 കോടിയുടെ അസംസ്കൃത വസ്തുക്കളും,​ 25 കോടി മൂല്യമുള്ള ഉത്പന്നങ്ങളും,​ ഉപഭോക്താക്കളിൽ നിന്ന് കുടിശികയായ 25 കോടി രൂപയും ഉൾപ്പെടെ 80 കോടിയുടെ പ്രവർത്തന മൂലധനമുണ്ടായിരുന്ന സ്ഥാപനത്തെയാണ് വെറും മൂന്നു വ‍ർഷത്തെ ഭരണപരിഷ്‌കാരം കൊണ്ട് തുലച്ചു മുടിച്ചത്.

ഐ.ടി.ഐ വെൽഡർ സർട്ടിഫിക്കറ്റ് മാത്രം സാങ്കേതിക യോഗ്യതയുണ്ടായിരുന്ന ഗോപാലറാവു എത്തുമ്പോൾ 120 കോടിയായിരുന്നു കമ്പനിയുടെ ബാദ്ധ്യത. അത് 500 കോടിയിലേക്ക് ഉയർത്തിയ ഗോപാലറാവു അഴിമതി ലോബിക്കു വേണ്ടി നടപ്പാക്കിയ രഹസ്യദൗത്യം,​ സ്ഥാപനത്തെ നാഷണൽ കമ്പനി ലാ ട്രിബ്യൂണലിൽ (NCLT) എത്തിച്ചതോടെ പൂർത്തിയാവുകയും ചെയ്തു.

ആ എട്ട് പദ്ധതി

ഇങ്ങനെ

 എം.ഡി ആയി ചുമതലയേറ്റ ദിവസം തന്നെ ജീവനക്കാരുടെ പി. എഫ് അടവ് നിർത്തി.

 2015-16 ലെ ഓഡിറ്റിങ് ബാലൻസ് ഷീറ്റ് തിരുത്തി,​ നഷ്ടം രേഖപ്പെടുത്തി. അതോടെ ബാങ്കുകളിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന 110 കോടിയുടെ ക്രെഡിറ്റ് സൗകര്യം നിലച്ചു. വ്യാജ സപ്ലയർമാർ കൂടിയ വിലയ്ക്ക് തരംതാണ അസംസ്കൃത വസ്തുക്കൾ നൽകിത്തുടങ്ങി.

 മെഡിക്കൽ സൗകര്യങ്ങൾ അടക്കം ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി. കഴിഞ്ഞ 22 മാസമായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ജീവനക്കാർ ദുരിതത്തിലായി.

 വനം വകുപ്പിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന ഗുണനിലവാരമുള്ള തടിയിനങ്ങൾ നിർത്തലാക്കുകയും,​ ആന്ധ്രയിലെ വ്യാജ കോൺട്രാക്ടർമാർക്ക് കോടികൾ അഡ്വാൻസ് കൊടുത്ത് ഉപയോഗശൂന്യമായ ചുള്ളിക്കമ്പുകൾ എത്തിക്കുകയും ചെയ്തു.

 ബോയ്‌ലർ ആവശ്യങ്ങൾക്ക് കോൾ ഇന്ത്യയിൽ നിന്ന് കൽക്കരി വാങ്ങാനുള്ള ദീ‍ർഘകാല കരാർ നിർത്തിയതോടെ കരുതൽ ധനത്തിൽ ഒരു കോടിയോളം രൂപയുടെ നഷ്ടം. തുറമുഖങ്ങളിൽ കെട്ടിക്കിടന്ന ഗുണനിലവാരമില്ലാത്ത കൽക്കരിക്ക് വ്യാജ ഗുണമേന്മാ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇത് ഉപയോഗിച്ചതോടെ ബോയിലറുകൾ കേടായി.

 2015-16 സാമ്പത്തിക വർഷം ഏഴു കോടിയോളം രൂപ ലാഭമുണ്ടാക്കിയ പവർ പർച്ചേസ് സ്‌കീം കെ.എസ്.ഇ.ബിയിൽ കുടിശ്ശികയുണ്ടാക്കി നിർത്തലാക്കി.

 ന്യൂസ്‌പ്രിന്റ് നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന വേസ്റ്റ് പേപ്പർ പ്രാദേശിക വിപണിയിൽ യഥേഷ്ടം ലഭ്യമായിരുന്നപ്പോൾത്തന്നെ,​ കേന്ദ്ര സർക്കാർ നശിപ്പിച്ചുകളയാൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്ന ഫോട്ടോ പതിപ്പിച്ച ആധാർ ഫോമുകൾ വാങ്ങി. അതിന്റെ നിലവാരക്കുറവു കാരണം യന്ത്രങ്ങൾ കേടായി.

 2018 മേയ് മാസത്തിൽ,​ ന്യൂസ് പ്രിന്റ് ഉത്പാദനത്തിന് തടി തീർന്നപ്പോൾ അതിൽനിന്ന് തലയൂരാൻ,​ മലിനീകരണ നിയന്ത്റണ ബോർഡിൽ നിന്ന് മെമ്മോ അയപ്പിച്ച് കമ്പനി അടച്ചുപൂട്ടാൻ വഴിയൊരുക്കി. മലിനീകരണം നിയന്ത്രിക്കാനെന്ന പേരിൽ കമ്പനിയിലെ ലഗൂണുകളിലെ സ്ലഡ്‌ജ്‌ (ചളി) മഴവെള്ള ഓടകളിലേക്കു പമ്പ് ചെയ്ത് കോടികൾ പാഴാക്കി. ഓടകൾചളി മൂലം അടഞ്ഞ് മുവാറ്റുപുഴയാറിന്റെ തീരമേഖല പ്രളയഭീഷണിയിലായതു മാത്രം ഫലം.