തൃശൂർ: രാജ്യത്ത് ആദ്യമായി ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർമാർക്കായി പാസിംഗ് ഔട്ട് പരേഡ് നടത്തി രാമവർമ്മപുരം കേരള പൊലീസ് അക്കാഡമി. അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ഇ - പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളുമാണെന്നും അവ സേവന കേന്ദ്രങ്ങൾ കൂടിയാണെന്നും സല്യൂട്ട് സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ ഇ - പാസിംഗ് ഔട്ട് നടത്തിയത്. ഒമ്പത് മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കിയാണ് കേരള പൊലീസ് സേനയിലെ 29 ബി, 30-ാം ബാച്ച് പുറത്തിറങ്ങിയത്. കേരള പൊലീസ് അക്കാഡമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇ പാസിംഗ് ഔട്ട് പരേഡ് പൊതുജനങ്ങൾക്ക് തൽസമയം കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായ പൊലീസുകാർക്ക് സമ്മാനദാനവും നടത്തി. സുഹൈൽ.കെ, അഭിറാം സി.എസ് എന്നിവർ ബെസ്റ്റ് ഇൻഡോർ ഗെയിംസ് വിജയികളായി. ബെസ്റ്റ് ഷൂട്ടർ എം. മനേഷ് , സൂരജ് സി.എസ്, ബെസ്റ്റ് ഔട്ട് ഡോർ എം. മനേഷ്, എം. സരിത, ബെസ്റ്റ് ഓൾ റൗണ്ടർ കെ. സുഹൈൽ, എം. സരിത എന്നിവരാണ് വിവിധ മേഖലകളിൽ വിജയികളായത്.
കേരള പൊലീസിൽ നേരിട്ട് സർവീസിൽ നിയമിക്കപ്പെട്ട സബ് ഇൻസ്‌പെക്ടർമാരിൽ വനിതകൾ കൂടി ഉൾപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചുകളാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരുമാണുള്ളത്. ഇതിൽ 14 പേർ വനിതകളാണ്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി ട്രെയിനിംഗ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.