തൃശൂർ: സമ്പൂർണ്ണ ലോക് ഡൗൺ ഉടനില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കർശന നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനവുമായി ജില്ലാ ഭരണകൂടം. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്താണ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നത്. ജില്ലയിൽ സമൂഹ വ്യാപനം ഇല്ലെങ്കിലും രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ കർഫ്യു ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന.
ഓരോ ദിവസവും കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കൂടിവരികയാണ്. അതിനാൽ രോഗം കൂടുതലുള്ള മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കായിരുന്നു മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ എതാനും ദിവസങ്ങളായി സമ്പർക്ക പട്ടികയിലുള്ളവരാണ് കൂടുതലായുള്ളത്. ഇതിനകം 150 ലേറെ പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇത് ആശങ്ക ഉയർത്തുന്നടെയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം
വ്യാപാര സ്ഥാപനങ്ങളിലെ മുഴുവൻ ജോലിക്കാരും ഉടമകളും മാസ്‌കും ഗ്ലൗസും ധരിക്കണമെന്ന നിർദ്ദേശം പോലും നടപ്പാക്കാത്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശകരെ തിരിച്ചറിയുന്നതിന് സന്ദർശക ഡയറി നിർബന്ധമാക്കി. സന്ദർശകരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അതത് തീയതികളിൽ കൃത്യമായി രേഖപ്പെടുത്തണം. വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടി എടുക്കും. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച പലരുടെയെും റൂട്ട്മാപ്പ് പോലും തയ്യാറാക്കാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
വഴിയോര കച്ചവടക്കാർക്കെതിരെ നടപടി തുടങ്ങി
വഴിയോര കച്ചവടക്കാരിൽ നിന്ന് രോഗം പടരുമെന്ന കണ്ടെത്തലിനെ തുടർന്ന് ഇത് നിറുത്താൻ കളക്ടർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങി. ഇന്നലെ രാവിലെ മുതൽ പൊലീസ് തുറന്ന കടകൾ അടപ്പിച്ചു. നിലവിൽ ഒരാഴ്ചത്തേക്ക് കച്ചവടം നിറുത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തെരുവോരങ്ങളിലുള്ള മത്സ്യക്കച്ചവടം നിരോധിച്ചിരുന്നുവെങ്കിലും ജില്ലയുടെ പലയിടത്തും വിൽപ്പന നിർബാധം തുടർന്നിരുന്നു. ജില്ലയുടെ വടക്കൻ മേഖലകളിൽ രോഗം പടർന്നത് മീൻ വിൽപ്പനക്കാരിലൂടെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യക്കച്ചവടത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
ശക്തനിൽ ഒരു കട അടപ്പിച്ചു
പാവറട്ടിയിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ശക്തൻ പച്ചക്കറി മാർക്കറ്റിലെ ഒരു കടയിൽ എത്തിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് കട അടച്ച് അണുനശീകരണം നടത്തി. ശക്തൻ മാർക്കറ്റിൽ ടോക്കൺ സമ്പ്രദായത്തിലൂടെയാണ് ഇപ്പോൾ ആളുകളെ അകത്തേക്ക് കയറ്റി വിടുന്നത്.
ഇതുവരെയുള്ള പ്രവർത്തനങ്ങൾ തകിടം മറിയാതിരിക്കാൻ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ആലോചിച്ച് എതെല്ലാം നടപടികൾ എടുക്കണമെന്ന് തീരുമാനിക്കും.
- എസ്. ഷാനവാസ്, കളക്ടർ
വഴിയോര കച്ചവടം നിരോധിച്ച സാഹചര്യത്തിൽ നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ചാൽ ഇന്ന് മുതൽ കേസെടുക്കും.
- വി.കെ. രാജു, എ.സി.പി, തൃശൂർ