കാഞ്ഞാണി: ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാത്ത കാരമുക്കിലെ വലിയ ജലസ്രോതസായ 12-ാം വാർഡിലെ കരാംകുളം. മണലൂർ പഞ്ചായത്തും ഇറിഗേഷൻ വകുപ്പും പരസ്പരം പഴിചാരി കൈയൊഴിയുകയാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ കുളം. എന്നാൽ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങളാണ് സംരക്ഷിക്കാനായി ചെലവഴിച്ചത്. കഴിഞ്ഞ ഭരണസമിതി നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നു വീണിരുന്നു. ഇപ്പോഴത്തെ ഭരണസമിതി രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷം ഉപയോഗിച്ച് കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിച്ചു. എന്നിട്ടും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ കുളം മാറ്റിയെടുക്കാനായിട്ടില്ല. പുൽക്കാടുകളും കുളവാഴകളും ചെളിയും നിറഞ്ഞ് കുളം നാശത്തിന്റെ വക്കിലാണ്. കുളം നവീകരിക്കാൻ പഞ്ചായത്തിന്റെ കൈവശം ഫണ്ടില്ലെന്നും ഇറിഗേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നുമാണ് വിശദീകരണം. കൊച്ചിൻ ദേവസ്വത്തിന്റെ അധീനതയിലുള്ള കുളമായതിനാൽ ഇറിഗേഷൻ വകുപ്പിന് വിട്ടുകിട്ടാതെ ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് കുളം വിട്ടുനൽകുവാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനായി സമീപിച്ചിട്ടില്ലെന്നും ശ്രീ കൃഷ്ണക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ. രവീന്ദ്രൻ നാഥ് പറഞ്ഞു.