കൊടകര: ആളൂർ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കാലയളവിൽ പ്രധാന വാഗ്ദാനങ്ങളായിരുന്ന ആറ് വികസന പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായതായി ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ ഏറ്റവും വലിയ തടാകമായ കദളിച്ചിറ 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. വരദനാട് കമ്മ്യൂണിറ്റിഹാൾ 56.89 ലക്ഷം രൂപ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചു. മാനാട്ട്കുന്ന് കമ്മ്യൂണിറ്റിഹാൾ 30 ലക്ഷം രൂപ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചു. നമ്പിക്കുന്ന് കമ്മ്യൂണിറ്റിഹാൾ 26.05 ലക്ഷം രൂപ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കി. വെള്ളാഞ്ചിറ കുളത്തിനോട് ചേർന്ന് പാർക്ക്, കല്ലേറ്റുംകരയിൽ അന്തിച്ചന്ത കംഫർട്ട് സ്റ്റേഷൻ എന്നിവ 10.5 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ പദ്ധതികൾ പൊതുജനത്തിന് തുറന്ന് കൊടുക്കും. വരദനാട് കമ്മ്യൂണിറ്റിഹാൾ ഇന്ന് രാവിലെ 11.30ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ മുഖ്യാതിഥിയാകും. മറ്റുപദ്ധതികൾ സമീപ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യുമെന്നും ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. ഡേവീസ്, അജിത സുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.