കൊച്ചിന്‍ ടെക്‌സ്റ്റയില്‍സ് എന്ന നൂല്‍ കമ്പനി പിന്നീട് അളഗപ്പ ടെക്‌സ്റ്റയില്‍സ് ആയി
ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയാരുടെ ബിനാമിയായിരുന്നോ അളഗപ്പ ചെട്ടിയാര്‍?
പുതുക്കാട്: 1938ലാണ് കൊച്ചിൻ ടെക്‌സ്റ്റയിൽസ് എന്ന പേരിൽ തമിഴ്‌നാട് സ്വദേശിയായ ഡോ.അളഗപ്പ ചെട്ടിയാരുടെ മാനേജ്മന്റിൽ ആമ്പല്ലൂരിൽ നൂൽ കമ്പനി സ്ഥാപിതമാകുന്നത്. അന്നത്തെ കൊച്ചിൻ സ്റ്റേറ്റിന്റെ ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാരുടെ വേണ്ടപെട്ടവനായിരുന്നു ഡോ.അളഗപ്പ ചെട്ടിയാർ. അഞ്ചു ലക്ഷത്തി തൊണ്ണൂറായിരം രൂപയായിരുന്നു മില്ലിന്റെ മൂലധനം. ഇതിൽ ഒന്നര ലക്ഷം രൂപ കൊച്ചി ഗവൺമെന്റിന്റേതാണ് ശേഷിച്ച തക ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത ഓഹരികളും. തുച്ഛമായ വിലക്ക് കമ്പനിക്കാവശ്യമായ ഭൂമി എറ്റെടുക്കുവാനും ദിവാനായിരുന്ന ഷൺമുഖം ചെട്ടി ഒത്താശ ചെയ്തു.
അളഗപ്പ ചെട്ടിയാർ കാര്യമായി ഒന്നും ഇറക്കിയില്ലെങ്കിലും കമ്പനി ഉടമ അളഗപ്പ ചെട്ടിയാരായി. ജോലിക്ക് എടുത്ത തൊഴിലാളികളെ കൊയമ്പത്തൂരിലെ വസന്തം ടെക്‌സ്റ്റയിൽസിൽ കൊണ്ടുപോയി പരിശീലനം നൽകി. വസന്തം ടെക്‌സ്റ്റയിൽസ് ആകട്ടെ ഷൺമുഖം ചെട്ടിയാരുടെ സഹോദരന്റെതും. വാസ്തവത്തിൽ അളഗപ്പ ടെക്‌സ്റ്റയിൽസ് എന്നത് ദിവാന്റെ ഒരു ബിനാമി ഇടപാടായിരുന്നു എന്ന് വേണം കരുതാൻ.
തൊഴിലാളികളായി തമിഴ്‌നാട്ടിൽ നിന്നും കുറെ പേരെ അളഗപ്പചെട്ടിയാർ കൊണ്ടുവന്നിരുന്നു. കൊയമ്പത്തൂരിലെ പരിശീലനത്തിനു ശേഷം നൂൽ കമ്പനിയിൽ ഉത്പാദനം ആരംഭിച്ചു. എഴു രൂപയായിരുന്നു അന്ന് കമ്പനിയിലെ ഉയർന്ന ശബളം. തമിഴരെക്കാൾ രണ്ട് രൂപ കുറവായിരുന്നു തദ്ദേശിയർക്ക് നൽകിയത്. ആദ്യ ശബള ദിനത്തിൽ തന്നെ ശബള വ്യത്യാസം തിരിച്ചറിഞ്ഞ് തൊഴിലാളികൾ പണിമുടക്കി.
കൊച്ചി നാട്ടുരാജ്യത്ത് അക്കാലത്ത് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എങ്കിലും ട്രേഡ് യൂണിയൻ ഉണ്ടായിരുന്നില്ല. കമ്പനിക്ക് അകത്ത് തൊഴിലാളികൾക്ക് കങ്കാണിമാരുടെ മർദനം പതിവായിരുന്നു. ആ കാലഘട്ടത്തിലാണ് പി.എസ്. നമ്പൂതിരി ആമ്പല്ലൂരിൽ എത്തുന്നത്. തമിഴർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി തൊഴിലാളികളെ പരസ്പരം ഭിന്നിപ്പിക്കുന്ന നയമായിരുന്നു ചെട്ടിയാരുടെത്. പി.എസ്. നമ്പൂതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കിടയിൽ നടത്തിയ പ്രവർത്തനത്തെ തുടർന്ന് ഒന്നിച്ച് നിൽക്കണമെന്ന ചിന്ത തൊഴിലാളികളിൽ ഉടലെടുത്തു. ഇതിനിടെ ജാതി അടിസ്ഥാനത്തിൽ ഒരു തൊഴിലാളി സംഘടന രുപം കൊണ്ടിരുന്നു. പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ ശക്തമായ ട്രേഡ് യൂണിയൻ രുപം കൊണ്ടു. വർഷത്തിൽ മുഴുവൻ സമയവും തൊഴിലും കൂലിയും ലഭിച്ചു തുടങ്ങിയതോടെ ജനങ്ങളുടെ ജീവിത രീതിയിലും മാറ്റം വന്നു. രാജ്യം സ്വാതന്ത്രമായതോടെ ഉണ്ടായ വ്യവസായ വളർച്ച അളഗപ്പയിലും പ്രതിഫലിച്ചു.
........................................................
കാർഷികവൃത്തിയിൽ നിന്ന് വ്യാവസായിക മാറ്റത്തിലേക്ക്
കർഷകരും കാർഷിക തൊഴിലാളികളും മാത്രം ജീവിച്ചിരുന്ന വിജനമായ ഒരു മലയോര പ്രദേശത്ത് ആയിരങ്ങൾക്ക് ജോലി നൽകുന്ന ഒരു സ്ഥാപനം ഉയരുന്നത് അക്കാലത്ത് വലിയൊരു സംഭവമായിരുന്നു. നൂൽ കമ്പനി സ്ഥാപിതമാക്കുന്ന കാലഘട്ടത്തിൽ തന്നെ മണലി മേഖലയിൽ എതാനും ഓട്ടുകമ്പനികളും സ്ഥാപിതമായിരുന്നു. കാർഷികവൃത്തി മാത്രമുണ്ടായിരുന്ന നാട്ടിൽ വ്യവസായ തൊഴിലാളികൾ ആയതോടെ നാടിന്റെ സംസ്‌കാരം തന്നെ മാറി. തൊട്ടുകൂടായ്മയും അയിത്തവും കൊടികുത്തി വാണിരുന്ന നാട്ടിൽ സമൂഹ ബന്ധങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറി. നായരും, ഈഴവനും, ക്രൈസ്തവനും ഒന്നിച്ച് പ്രവർത്തിക്കുക എന്നത് നാട്ടിൽ വലിയൊരു പരിവർത്തനത്തിന് വഴിവെച്ചു. പുരുഷന്മാരോടൊപ്പം സ്ത്രീകളും ജോലിക്കാരായത് വലിയൊരത്ഭുതമായി.
നാളെ- നുൽ കമ്പനി വന്നതോടെ ആമ്പല്ലൂർ അളഗപ്പനഗറായി