കാഞ്ഞാണി: കാഞ്ഞാണി സിംല മാളിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചേർപ്പ്, മലപ്പുറം സ്വദേശികളായ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മണലൂർ കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു.
മരണശേഷം കൊവിഡ് സ്ഥിരീകരിച്ച അരിമ്പൂർ കിഴക്കെ പരയ്ക്കാട്ടെ വീട്ടമ്മയുടെ പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്ത അന്തിക്കാട് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് സ്റ്റേഷനിലെ എസ്.എച്ച്.ഒയും എസ്.ഐമാരടക്കം 32 പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇവർ കാഞ്ഞാണി സിംല മാളിലേക്ക് മാറി. കഴിഞ്ഞ ദിവസം 12 പേരുടെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധയെ തുടർന്ന് വീട്ടമ്മ മരിക്കുകയും അംഗൻവാടി അദ്ധ്യാപികയ്ക്ക് സമൂഹ വ്യാപനം വഴി രോഗം ബാധിയ്ക്കുകയും ചെയ്ത അഞ്ചാം വാർഡ് കിഴക്കേ പരയ്ക്കാട് താമസിക്കുന്ന അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡ്രൈവറും അടക്കം 74 പേരുടെ ഫലമാണ് നെഗറ്റീവായത്.