ചാലക്കുടി: ഇരിങ്ങാലക്കുടയിലെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് കൊവിഡ് ബാധയുണ്ടായത് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയെ ആശങ്കയിലാക്കി. മുനിപ്പാറ സ്വദേശിയായ ഉദ്യോഗസ്ഥന് ആന്റിജൻ ടെസ്റ്റിലാണ് വൈറസ് കണ്ടെത്തിയത്. ഇയാൾക്ക് കാഞ്ഞിരപ്പിള്ളിയിലും മുനിപ്പാറയിലുമായി ഗൗരവമായ സമ്പർക്കമുണ്ടായെന്ന് വ്യക്തമായി. അറുപതോളം പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ. ഇയാളുടെ സഹോദരി തൊഴിലുറപ്പ് ജോലിയിൽ ഉൾപ്പെട്ടതും ആശങ്ക പതിന്മടങ്ങാക്കി. ഇതോടെ മുനിപ്പാറയിൽ കനത്ത ജാഗ്രതയ്ക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു. സമ്പർക്കമുള്ള എല്ലാവരോടും വീട്ടിൽ നിരീക്ഷണത്തിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ചേർത്തലയിലെ ജോലിക്കാരനായ കുറ്റിക്കാട് സ്വദേശിയ്ക്കും കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.