പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹവ്യാപന സാദ്ധ്യത ആരായുന്നതിനായി ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കിടയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ശനിയാഴ്ച നടത്തിയ പരിശോധനയുടെ ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്. പരിശോധനാഫലം ലഭിച്ച വ്യാഴാഴ്ച വൈകീട്ട് വരെ പഞ്ചായത്ത് പ്രസിഡന്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

രോഗം പകർന്നതിന്റെ ഉറവിടം വ്യക്തമല്ല. ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകൾ അതിതീവ്ര വ്യാപന മേഖലകളാണ്. പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്താഫീസിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. പ്രാഥമികമായി സമ്പർക്കത്തിൽ പെട്ട ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ നീരീക്ഷണത്തിലായി. പഞ്ചായത്ത് പ്രസിഡന്റിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

സമ്പർക്കപട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് അടുത്ത നടപടികളിലേക്ക് കടക്കും. താന്ന്യം പഞ്ചായത്തിൽ പരിശോധന നടത്തിയതിൽ വിദേശത്തു നിന്നെത്തിയ ഒരാളുടെ ഫലവും പോസിറ്റീവാണ്. കീഴുപ്പിള്ളിക്കര സ്വദേശിയായ എഴുപത്തിയെട്ടുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.