medical-college

തൃശൂർ: ജില്ലയിലെ കൊവിഡ് ആശുപത്രിയായ ഗവ. മെഡിക്കൽ കോളേജിൽ ജനറൽ വാർഡിൽ പ്രവേശിപ്പിച്ചവർക്കും കൊവിഡ് കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ സങ്കീർണ്ണതയിലേക്ക്. നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് രോഗികൾ മരിക്കുകയും പിന്നീട് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജനറൽ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സർജറി വാർഡ് അടച്ചിട്ടു. 94 വയസായ വയോധികയ്ക്കും 78 വയസായ പുരുഷനും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടത്തെ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കാൻസർ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാനാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 78 കാരൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന കേന്ദ്രം കൂടിയാണിത്. ദിവസവും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി മറ്റ് ചികിത്സയിലേക്കായി കൊവിഡ് കാലത്ത് പോലും 1500 ൽ അധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. ഇപ്പോൾ കൊവിഡ് ബാധിച്ച് വാർഡുകളിൽ എത്രപേർ എത്തിയിരുന്നുവെന്നത് സംബന്ധിച്ച് കണക്ക് തിട്ടപ്പെടുത്താൻ പോലും സാധിച്ചിട്ടില്ല. ജനറൽ വാർഡുകളിലും രോഗം പടരുന്നത് ജീവനക്കാരിലും ആശങ്ക വളർത്തിയിട്ടുണ്ട്.

ആകെ നിരീക്ഷണത്തിലുള്ളവർ 276

വാർഡ് 5

രോഗികൾ 63

കൂട്ടിരിപ്പുകാർ 76

വാർഡ് 4

രോഗികൾ 46

ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ 50
മുമ്പ് നിരീക്ഷണത്തിലായ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും 55

ആന്റിജൻ ടെസ്റ്റ് തുടങ്ങി


ജനറൽ വാർഡിൽ രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള ആന്റിജൻ പരിശോധന ആരംഭിച്ചു.

ഐസൊലേഷൻ വാർഡാക്കി


രോഗം കണ്ടെത്തിയ നാലും അഞ്ചും വാർഡുകൾ ഐസോലേഷൻ വാർഡുകളാക്കി മാറ്റി. ഇവിടെ നിന്ന് ആർക്കും പുറത്ത് പോകാൻ സാധിക്കില്ല. കാൻസർ, എല്ല് സംബന്ധമായ രോഗമുള്ളവർ എന്നിവരാണ് ഇവിടെ കഴിയുന്നത്.