ഒരാഴ്ചക്കിടെ 185 സമ്പർക്ക രോഗികൾ
തൃശൂർ: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നത് ജില്ലയിൽ പടർന്നു പടിക്കുകയാണ്. ഇതുവരെ 313 പേർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത രോഗികൾ ഇരട്ടിയുമായി. മൂന്നിൽ നിന്ന് ആറിലേക്കാണ് മാറിയത്. കൊടുങ്ങല്ലൂരിൽ മാത്രം രണ്ടുപേരുടെ രോഗ ഉറവിടം ഇതുവരെ മനസിലായിട്ടില്ല. നേരത്തെ എങ്ങണ്ടിയൂരിൽ മരിച്ച വയോധികനും അരിമ്പൂരിൽ മരിച്ച സ്ത്രീക്കും ഇരിങ്ങാലക്കുടയിൽ കൊവിഡ് ബാധിച്ച കുട്ടിക്കും എങ്ങനെ രോഗബാധയുണ്ടായി എന്നതാണ് അറിയാത്തത്.
ഉറവിടമില്ലാ രോഗികളുടെ ഉറവിടം കണ്ടെത്തുന്നതിനും ഒപ്പം അവരുടെ രോഗാവസ്ഥ വിലയിരുത്തുന്നതിനും ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന തുടരുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക സംഘം രൂപീകരിച്ചതെങ്കിലും ഇക്കാര്യത്തിൽ വലിയ പുരോഗതി വിലയിരുത്താനായിട്ടില്ല.
മെഡിക്കൽ കോളജിലെ വിദഗ്ദ്ധസംഘം അടക്കം ഉൾക്കൊള്ളുന്ന ടീം ഉറവിടം കണ്ടെത്തുന്നതിനുള്ള കഠിന ശ്രമം തുടരുമ്പോഴാണ് വീണ്ടും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സമ്പർക്ക- ഉറവിടമില്ലാ രോഗങ്ങൾ വർദ്ധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ഉലയ്ക്കുന്നുണ്ട്. ഈ നാലു വിഭാഗത്തിൽ നിന്നുമാണ് രോഗം സമ്പർക്കത്തിലൂടെ പകർന്നത്.
സമ്പർക്ക വ്യാപനം ഇങ്ങനെ
16ന് 126 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒരാഴ്ചക്കിടെ 185 കേസുകൾ സമ്പർക്കത്തിലൂടെ
വ്യാഴാഴ്ച മാത്രം 70 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ
ബുധനാഴ്ച ഇത് 33 പേർക്ക്
ചൊവാഴ്ച ഒമ്പത് പേർക്ക്
തിങ്കൾ 18 പേർക്ക്
ഞായറാഴ്ച 28 പേർക്ക്
ജാഗ്രതയില്ല
നിരീക്ഷണത്തിൽ ഇരുക്കുന്നവർക്ക് പോലും ജാഗ്രത തീരെ ഇല്ലാത്തത് പ്രശ്‌നം സങ്കീർണമാക്കുന്നു. അവരുടെ കുടുംബത്തിനും യാതൊരു ശ്രദ്ധയുമില്ല. കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ വിമുഖത കാണിക്കുന്നത് വല്ലാതെ രോഗം വിളിച്ചുവരുത്തും. പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേർന്ന് സംയുക്ത പരിശാധന കർശനമാക്കുകയാണ് പരിഹാരം.
- കെ.ജെ.റീന, ഡി.എം.ഒ