കൊടകര: കൊടകര പഞ്ചായത്തിലെ രണ്ടാം വാർഡ് കാവുംതറ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കൊടകര പഞ്ചായത്തിൽ പോസറ്റീവ് ആയ വ്യക്തിയുമായി 11 പേർക്ക് പ്രാഥമിക സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കിയത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. ദ്വിദീയ സമ്പർക്കപ്പട്ടികയിലുള്ള 33 പേരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടു. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവരെയും ടെസ്റ്റിന് വിധേയമാക്കും. വാർഡിലേക്കുള്ള എട്ട് ഇട റോഡുകൾ അടച്ചുപൂട്ടി.
കൊവിഡ്; കൊടകര ടൗണിൽ നിയന്ത്രണം
കൊടകര: കൊടകര പഞ്ചായത്തിലെ രണ്ടാം വാർഡ് കാവുതറ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് വാർഡിലും ടൗണിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ്, വ്യാപാരി പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായത്. കൊടകര ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഏഴുവരെ മാത്രമെ പ്രവർത്തിക്കാവു. കടകളിലെ തിരക്ക് നിയന്ത്രിക്കാൻ വ്യാപാരികൾ നടപടിയെടുക്കണം. സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് ഉപയോഗിക്കാനായി ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഒരുക്കണം. മാസ്‌ക് ധരിച്ചവരെ മാത്രമെ കടകളിലേക്ക് പ്രവേശിപ്പിക്കാവു. ടൗണിലെ അനധികൃത പാർക്കിംഗ് നിരോധിച്ചു. തിരക്ക് കൂടിയ സ്ഥലങ്ങളിൽ നാല് ചക്ര വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ താമസക്കാർ അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമെ പുറത്തിറങ്ങാവു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ രണ്ടാംഘട്ട ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. യോഗതീരുമാനങ്ങൾ നിർബന്ധമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി. സജിത, ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കാടൻ, കൊടകര സി.ഐ. അരുൺ ജി എന്നിവർ സംസാരിച്ചു.
ആന്റിജൻ ടെസ്റ്റ് നടത്തി
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ 10,11 വാർഡുകളിലെ ദ്വിതീയ കോൺട്രാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ട 33 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി. മറ്റത്തൂർ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ലക്ഷ്മി, ഡോ. മനോജ്, ലാബ് ടെക്‌നീഷ്യൻ ജയിഷ, എൻ.ആർ.എച്ച്.എം കോ ഓർഡിനേറ്റർ ശാരിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ റിൻസെൻ, സ്റ്റാഫ് നഴ്‌സ് ചന്ദ്രമതി രമാദേവി, ആർ.ആർ.ടി മെമ്പർമാരായ വിശാഖ് കാരേക്കാടൻ, ഷാനോ കൈതാരത്ത്, വാർഡ് മെമ്പർ സുഭാഷിണി എന്നിവർ നേതൃത്വം നൽകി.