ചാലക്കുടി: കേരളകൗമുദി വാർത്ത തുണയായി. അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ പതിനാല് പോസ്റ്റ് ഓഫീസ് സമീപങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി വീടുകളിൽ ഇരുന്ന് ഓൺലൈൻ പഠനം നടത്താം. വീടുകളിൽ നെറ്റ് വർക്കും ഇന്റർനെറ്റും ഇല്ലാത്തതിനാൽ പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളുടെ മുകളിൽ ഇരുന്നാണ് വിദ്യാർത്ഥികൾ ഓൺലൈൻ പഠനം നടത്തിയിരുന്നത്. ഇവരുടെ ദുരിതത്തെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി അതിരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് അമ്മാഞ്ചേരിയുടെ നേതൃത്വത്തിൽ ഒരു സ്ഥലത്തും മറ്റ് സന്നദ്ധ സംഘടകൾ രണ്ടിടത്തും സൗജന്യമായി വൈഫൈ സംവിധാനം സ്ഥാപിച്ചു നൽകി.
വിദ്യാർത്ഥികളും രക്ഷിതാക്കളും രാവിലെ മൊബൈൽ ഫോണും ഭക്ഷണവും വെള്ളവും പുസ്തകങ്ങളുമായിട്ടാണ് പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളുടെ മുകളിൽ ഇരുന്ന് മൊബൈൽ റേയ്ഞ്ചും ഇന്റർനെറ്റും കണ്ടെത്തി ഓൺലൈൻ പഠനം നടത്തിയിരുന്നത്. മഴ വന്നാലും രാത്രിയിലും പഠനം ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു. ഡാമുകൾ തുറക്കുമെന്ന ഭീതിയും അലട്ടിയിരുന്നു. സൗകര്യമൊരുങ്ങിയതോടെ വീടുകളിൽ ഇരുന്ന് പഠിക്കാമെന്നത് ഏറെ ആശ്വാസമാണ് ഇവർക്ക് നൽകുന്നത്.