തൃശൂർ: കൊവിഡ് വ്യാപന ഭീതിയിൽ ജില്ല. ഇരിങ്ങാലക്കുടയിൽ ട്രിപ്പിൽ ലോക് ഡൗൺ ഉൾപ്പെടെ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം. വ്യാപനം കൂടിയാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ്. ജില്ലയിൽ അതീവ ഗുരുതരമേഖലയായ ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ മാത്രം നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ട്രിപ്പിൾ ലോക് ഡൗണിലേക്ക് നീങ്ങിയത്. ഇന്ന് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങിയാൽ നടപടിയെടുക്കും. വാഹന ഗതാഗതം നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കാൻ അനുവദിക്കും. ദീർഘദൂര സർവീസുകൾക്ക് അതുവഴി പോകാമെങ്കിലും നിയന്ത്രണ മേഖലയിൽ നിറുത്താൻ അനുവാദമില്ല. ഇരിങ്ങാലക്കുട കേരള സോൾവെന്റ് എക്‌സ്ട്രാക്‌ഷൻസ് (കെ.എസ്.ഇ) കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം മൂലം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികളുടെ വ്യാപനം ഉണ്ടായതിനെ തുടർന്നാണിത്.
നിയന്ത്രണം പാലിക്കാതെ കമ്പനി അധികൃതരുടെ നടപടികളാണ് ഇത്രയും രൂക്ഷമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ജില്ലയിലെ മറ്റ് മേഖലകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തുവാനും തീരുമാനിച്ചു. രോഗികളുടെ എണ്ണം സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടലിനേക്കാൾ അപ്പുറത്തേക്ക് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ഇന്നലെ മന്ത്രിതലത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചിപ്പ് വിപ്പ് കെ. രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സിറ്റി പൊലീസ് കമ്മിഷണർ കെ. ആദിത്യ, റൂറൽ എസ്.പി: ബി. വിശ്വനാഥ്, ഡി.എം.ഒ: കെ.ജെ. റീന എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു
ജില്ലയിലെ നിയന്ത്രണങ്ങൾ
വഴിയോര കച്ചവടവും വീട്ടുപടിക്കൽ എത്തിയുള്ള കച്ചവടവും നിരോധിച്ചു
ജില്ലയിലേക്ക് കണ്ടെയ്നറുകളിൽ വരുന്ന മത്സ്യവിൽപ്പന തടയും
ജില്ലയിൽ 40 തദ്ദേശ സ്ഥാപനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ
കൊവിഡ് സംബന്ധിച്ച വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി
നിരീക്ഷണത്തിലിരിക്കുന്നവരും വീട്ടുകാരും നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കും
കടകൾ മാനദണ്ഡങ്ങൾ പാലിക്കണം, ശക്തൻ മാർക്കറ്റിൽ നിയന്ത്രണം കർശനം
6033 കിടക്കകൾ സജ്ജം
ഇപ്പോഴത്തെ വ്യാപനം അനുസരിച്ച് ഈ സൗകര്യം പര്യാപ്തമാണ്. എന്നാൽ, രോഗവ്യാപനം തുടർന്നാൽ വിപുലമായ തയാറെടുപ്പുകൾ നടത്തേണ്ടി വരും. അതിന് ഇപ്പോൾ 30 കേന്ദ്രങ്ങളിലായി 6033 കിടക്കകൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് ഒന്നാവുമ്പോഴേക്കും നാട്ടികയിൽ 1200 കിടക്കകളുള്ള കേന്ദ്രം കൂടി പൂർണമായി സജ്ജമാകും. അടിയന്തിരഘട്ടം വന്നാൽ, ഏഴായിരത്തോളം പേരെ ചികിത്സിക്കാൻ കഴിയുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ചാലക്കുടി നാല്, ചാവക്കാട് മൂന്ന്, കൊടുങ്ങല്ലൂർ മൂന്ന്, കുന്നംകുളം അഞ്ച്, തലപ്പിള്ളി മൂന്ന്, തൃശൂർ എട്ട്, മുകുന്ദപുരം നാല് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള സെന്ററുകൾ.