തൃപ്രയാർ: സി.പി.എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികൾക്കും ടി.വിയും കമ്പ്യൂട്ടറും നൽകുന്നതിന്റെ വിതരണോദ്ഘാടനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും നടത്തി. സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ഭരിക്കുന്ന ആറ് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വികസന രേഖ മന്ത്രി ഏറ്റുവാങ്ങി.
നാട്ടിക ഏരിയയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും സ്റ്റുഡിയോ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ടി.വിയും കമ്പ്യൂട്ടറും നൽകുന്നത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത നാട്ടിക ഏരിയയിലെ വിദ്യാർത്ഥികൾക്ക് 700 ഓളം ടി.വി നൽകി മാതൃകയായതോടൊപ്പം മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് ഒന്നര ലക്ഷത്തോളം മാസ്കും വിതരണം ചെയ്ത ഏരിയ കമ്മിറ്റിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്ലസ്ടു പരീക്ഷയിൽ 1200 ൽ / 1200 മാർക്ക് വാങ്ങിയ നാട്ടിക ഏരിയ ബാൻഡ് സെറ്റ് ക്യാപ്റ്റൻ ഗോപിക നന്ദനയെയും എ പ്ലസ് നേടിയ എരിയ കമ്മിറ്റിയംഗം എം എ ഹാരീസ് ബാബുവിന്റെ മകൾ അലീന ഹാരീസ് ബാബു, ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി വത്സന്റ മകൾ വി.വി ഇന്ദുലേഖ എന്നിവരെയും മന്ത്രി അനുമോദിച്ചു. സി.പി.എം നാട്ടിക സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ ബാലൻ അദ്ധ്യക്ഷത വഹിച്ചു. എം.എ ഹാരീസ് ബാബു, അഡ്വ. വി.കെ ജ്യോതി പ്രകാശ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.എം അഹമ്മദ് സ്വാഗതവും കെ.എ വിശ്വംഭരൻ നന്ദിയും പറഞ്ഞു..