letter-to-chief-secretary

തൃശൂർ: കൊവിഡിനെ ഇതുവരെ വിജയകരമായി പ്രതിരോധിച്ചതിന്റെ ആത്മവിശ്വാസത്തിൽ, വിദ്യാലയങ്ങൾ തുറക്കാൻ അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകി. മറുപടി ലഭിച്ചിട്ടില്ലെങ്കിലും തുറക്കാനുള്ള സജ്ജീകരണങ്ങളുമായി മുന്നോട്ടുപോകുകയാണ്.

36 ദ്വീപ സമൂഹങ്ങളുള്ള ലക്ഷദ്വീപാണ് കൊവിഡ് ബാധയില്ലാത്ത ഇന്ത്യയിലെ ഏക കേന്ദ്രഭരണ പ്രദേശം. 64,473 പേർ അധിവസിക്കുന്ന ഇവിടെ ഒരാൾ പോലും നിരീക്ഷണത്തിലുമില്ല. 61 പേരുടെ ടെസ്റ്റ് നടന്നെങ്കിലും ഒരു പൊസിറ്റീവ് പോലും ഉണ്ടായിട്ടില്ല. ഇതിനെത്തുടർന്നാണ് സ്‌കൂളുകൾ തുറക്കാൻ അനുമതി തേടിയത്.

കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ വ്യാപനം രൂക്ഷമാകും മുമ്പ് തിരിച്ചെത്തിച്ചതുൾപ്പെടെ കൊവിഡ് കാലത്ത് എറണാകുളം കളക്ടർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ദിനേശ്വർ ശർമ്മ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് കത്തയച്ചു.

കൊവിഡിന്റെ തുടക്കത്തിൽ തന്നെ ലക്ഷദ്വീപിൽ പ്രീബോർഡിംഗ് സ്‌ക്രീനിംഗുണ്ടായിരുന്നു. ലക്ഷദ്വീപിലേക്ക് വരുന്നവർ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലോ ദ്വീപ് ഭരണകൂടത്തിന്റെ രണ്ട് ഹോട്ടലുകളിലോ ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം. ദ്വീപിലെത്തിയാൽ 14 ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധം.


ചികിത്സാ സൗകര്യം പരിമിതം

36 ദ്വീപസമൂഹങ്ങളുള്ള ലക്ഷദ്വീപിൽ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രികളും മിനിക്കോയിലെ സർക്കാർ ആശുപത്രിയുമാണ് പ്രധാനമായുള്ളത്. ഇന്ദിര ഗാന്ധി ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 30 കിടക്കകളുള്ള ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ആശുപത്രിയിൽ 100 കിടക്കകളുണ്ട്. 30 കിടക്കകളുള്ള മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 10 കിടക്കകളുള്ള നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ് മറ്റു സൗകര്യങ്ങൾ. വിദഗ്ദ്ധ ചികിത്സയ്ക്ക് കൊച്ചിയെയാണ് ദ്വീപുകാർ ആശ്രയിക്കുന്നത്.

'ലക്ഷദ്വീപ് നിവാസികൾക്കും ഭരണകൂടത്തിനും നൽകിയ പിന്തുണയ്ക്ക് കളക്ടർ എസ്.സുഹാസിനോട് നന്ദി പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിനും അവശ്യവസ്തുക്കളുടെ വിതരണത്തിനും വലിയ പിന്തുണയാണ് നൽകിയത്.'

- ദിനേശ്വർ ശർമ്മ, അഡ്മിനിസ്‌ട്രേറ്റർ, ലക്ഷദ്വീപ്