അന്തിക്കാട്: ഭാര്യയുടെ പാസ്‌പോർട്ടിലെ കാലാവധി തീർന്നതിനാൽ യെമനിലെ എയർപോർട്ടിൽ കുടുങ്ങിയ ദമ്പതികൾക്ക് കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഇടപെടൽ മൂലം യാത്രാനുമതി ലഭിച്ചു. യെമനിലെ എയർപോർട്ടിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്നിരുന്ന ദമ്പതികളായ ചിറയ്ക്കൽ കോട്ടം ദേശത്ത് ഞാറ്റുവെട്ടി തിലകന്റെ മകൻ മനോഹറിനും, ഭാര്യ പ്രീതിക്കുമാണ് യാത്രാനുമതി ലഭിച്ചത്.
യെമനിലെ ഇന്ത്യൻ എംബസി ഏപ്രിൽ മുതൽ അടച്ചതിനാൽ ജൂലായ് 14ന് കാലാവധി തീരുന്ന പ്രീതിയുടെ പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പാസ്‌പോർട്ടുമായി ട്രാവൽ ഏജൻസിയെ സമീപിച്ചപ്പോൾ ജൂലായ് 16ന് മുംബയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പു നൽകിയാണ് ഏജൻസി ടിക്കറ്റ് നൽകിയത്. പിന്നീട് എയർപോർട്ടിൽ എത്തിയപ്പോൾ പാസ്‌പോർട്ടിലെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് യാത്ര നിഷേധിക്കുകയായിരുന്നു.
ഈ വിവരം നാട്ടിലേക്ക് അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ മനോഹറിന്റെ ജ്യേഷ്ഠൻ പൊതു പ്രവർത്തകനായ ഷാജി കളരിക്കലിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ഉടൻ കേന്ദ്രമന്ത്രി വി. മുരളീധരന് ഇമെയിൽ സന്ദേശം അയക്കുകയും, ഡൽഹിയിലെ ഓഫീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. മറുപടി ലഭിക്കാതെ വന്നതിനാൽ വീണ്ടും മന്ത്രിയെ ഓർമ്മിപ്പിക്കുകയും, സുരേഷ് ഗോപി എം.പിക്ക് ഇമെയിൽ സന്ദേശവും അയച്ചു.
തുടർന്ന് മന്ത്രി വി. മുരളീധരന്റെ കൃത്യതയാർന്ന ഇടപെടലിലൂടെയാണ് ജൂലായ് 28ന് ചൊവ്വാഴ്ച മുംബയിലേക്ക് വരുന്ന യമനിയ എയർവേയ്‌സിൽ ദമ്പതികൾക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചത്. ടിക്കറ്റ് എടുത്ത് യാത്രയ്ക്ക് തയ്യാറായിരിക്കയാണ് ഇരുവരും. മുംബയിൽ എത്തിയതിനു ശേഷം ക്വാറന്റൈൻ നടപടികൾ കഴിഞ്ഞേ നാട്ടിലെത്താനാകൂ.