ravivarma-smaragam
രവിവർമ്മ സ്മാരകം

പുതുക്കാട്: ദിവസങ്ങൾ കഴിയും തോറും ഡോ.അളഗപ്പചെട്ടിയാരുടെ മാനേജ്മന്റിൽ പ്രവർത്തനം ആരംഭിച്ച നൂൽ കമ്പനിയുടെ പേരും പെരുമയും വളർന്നു വന്നു. ഡോ.അളഗപ്പ ചെട്ടിയാർക്ക് കമ്പനി ആവശ്യത്തിന് ലഭിച്ച സ്ഥലത്തിൽ നിന്നും ടെലഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാൻ സ്ഥലം നൽകൽ, പോസ്റ്റ് ഓഫീസ് സ്ഥാപിക്കാൻ സ്ഥലം, സ്ത്രീ തൊഴിലാളികളുടെ കുട്ടികളെ പകൽ സമയം സംരക്ഷിക്കാൻ ഡേ കെയർ, തൊഴിലാളികൾക്കും ചെട്ടിയാർക്കും ആരാധന നടത്താൻ ക്ഷേത്രം നിർമ്മിക്കൽ, സ്‌കൂൾ സ്ഥാപിക്കൽ... ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സൗകര്യങ്ങൾ കാണുന്നതോടെ തൊഴിലാളികൾക്ക് അളഗപ്പ ചെട്ടിയാർ വലിയ ധർമ്മിഷ്ഠനായി.

ബ്രിട്ടീഷ് ഗവണ്മന്റിന്റെ നിയന്ത്രണത്തിലുള്ള നാട്ടുരാജ്യമായ കൊച്ചിയിലെ ദിവാൻ രാജാവിനെക്കാൾ വലിയ അധികാരി. ദിവാനാണെങ്കിൽ ചെട്ടിയാരുടെ നാട്ടുകാരനും വേണ്ടപെട്ടവനും പിന്നെ നാടിന്റെ പേര് ചെട്ടിയാരുടെ പേരിലാവാൻ അധികകാലം വേണ്ടി വന്നില്ല. ആമ്പല്ലൂർ അളഗപ്പനഗറായി. പുതുക്കാട് റെയിൽവേ സ്റ്റേഷന്റെ കുടെ ബ്രാക്കറ്റിൽ അളഗപ്പനഗർ എന്ന് എഴുതിയിരുന്നു അടുത്ത കാലം വരെ. നൂൽ കമ്പനിയിലേക്ക് വടക്കെ ഇന്ത്യയിൽ നിന്നും വന്നിരുന്ന പഞ്ഞി സൂക്ഷിക്കാൻ സ്റ്റേഷൻ പരിസരത്ത് ഗോഡൗൺ വരെ നിർമ്മിച്ചിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും അളഗപ്പ ചെട്ടിയാരും വിദേശത്ത് പഠന കാലത്ത് സഹപാഠിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് കേന്ദ്ര സർക്കാരിൽ നിന്നുള്ള ഒട്ടേറെ ആനുകൂല്യങ്ങൾ തരപ്പെടുത്താൻ ചെട്ടിയാർക്ക് എളുപ്പത്തിൽ സാധിച്ചു. അങ്ങിനെയാണ് തൊഴിലാളികളുടെ മക്കൾക്ക് സാങ്കേതിക പഠനം നൽകാൻ ലക്ഷ്യമിട്ട് പോളിടെക്‌നിക്ക് സ്ഥാപിക്കുന്നത്. പോളിയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് താമസിക്കാൻ പടുകൂറ്റൻ ഹോസ്റ്റൽ കെട്ടിടം നിർമ്മിച്ചത് പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ പണം കൊണ്ടാണ്. തമിഴ് വാസ്തുവിദ്യ അനുസരിച്ചായിരുന്നു കെട്ടിടങ്ങളെല്ലാം നിർമ്മിച്ചത്. തൊഴിലാളികൾക്ക് സമയം അറിയാൻ സ്ഥാപിച്ചിരുന്ന ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത സൈറൺ അക്കാലത്ത് വലിയ സംഭവമായിരുന്നു. പത്തു കിലോമിറ്ററോളം ചുറ്റളവിൽ കേട്ടിരുന്ന കമ്പനിയിലെ സൈറൺ തൊഴിലാളികൾക്കെന്ന പോലെ നാട്ടുകാരുടെയും ജീവിതചര്യ നിയന്ത്രിക്കുന്ന ഘടകമായി. ചെട്ടിയാരുടെ വിസിൽ എന്നൊരു ചൊല്ല് തന്നെ ഉണ്ടായിരുന്നു അടുത്ത കാലം വരെ. ഇന്ത്യയിലെ ടെക്സ്റ്റയിൻസ് വ്യവസായത്തിന്റെ സുവർണ്ണകാലത്ത് കമ്പനി വലിയ ലാഭത്തിൽ പ്രവർത്തിച്ചു. എന്നാൽ ഇടകാലത്ത് ചെട്ടിയാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ കമ്പനിയും പോളിടെക്‌നിക്കും തമിഴ്നാട്ടുകാരനായ കരിമുത്തു ചെട്ടിയാർക്ക് വില്പന നടത്തി. അപ്പോഴേക്കും അളഗപ്പ ചെട്ടിയാർ തൊഴിലാളികൾക്കും നാട്ടുകാർക്കും ദൈവതുല്യനായി മാറിയിരുന്നു.

തൊഴിലാളികളുടെ ചികിത്സക്ക് ആശുപത്രിയും

അളഗപ്പയിലെ തൊഴിലാളികളുടെ ചികിത്സക്ക് കൊച്ചിൻ രാജകുടുംബം ഒരു ആശുപത്രി തന്നെ നിർമ്മിച്ചു നൽകി. രാജകുടുംബാംഗമായ രവിവർമ്മയുടെ സ്മാരകമായിട്ടായിരുന്നു കെട്ടിടം നിർമ്മിച്ചത്. കമ്പനിയുടെ പ്രവേശന കവാടത്തിനരികെ നിർമ്മിച്ച രണ്ടു നില കെട്ടിടത്തിൽ തൊഴിലാളികളുടെ ആശുപത്രി എറെ വർഷങ്ങൾ പ്രവർത്തിച്ചു. ഇ.എസ്.ഐ നിയമത്തിന്റെ പരിധിയിൽ അളഗപ്പയിലെ തൊഴിലാളികളും ഉൾപ്പെട്ടതോടെ ആശുപത്രിയുടെ പ്രവർത്തനം കമ്പനി നിറുത്തലാക്കി. പിന്നീട് കെട്ടിടത്തിൽ ഇ.എസ്.ഐ ഡിസ്‌പെൻസറി പ്രവർത്തിച്ചു. ഇ.എസ്.ഐ കോർപറേഷൻ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമിക്കുന്നതു വരെ രവിവർമ്മ സ്മാരകം ഇ.എസ്.ഐ ഡിസ്പൻസറിയായി നിലനിന്നു. പിന്നീട് കെട്ടിടത്തിൽ തൊഴിലാളികളുടെ സഹകരണ സംഘവും, കൺസ്യൂമർ സ്റ്റോറും പ്രവർത്തിച്ചു. കെട്ടിടത്തിന് കാലാകാലങ്ങളിൽ അറ്റകുറ്റപണികൾ ഒന്നും നടത്താത്തതിനാൽ തകർന്നുവീണു തുടങ്ങി. കമ്പനി കവാടത്തിനരികെ ഒരു കാലത്ത് രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിന്ന രവിവർമ്മ സ്മാരകം ഇപ്പോൾ നഷ്ട പ്രതാപത്തിന്റെ സ്മാരകമാണ്.

(നാളെ -കമ്പനി നിർമ്മാണത്തിന് കരിങ്കൽ ഖനനം നടത്തിയപ്പോൾ സ്വർണ്ണം കണ്ടെത്തിയ കഥ)